ഭൂപതിവ് ചട്ടം ഭേദഗതി: പി.ജെ. ജോസഫ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsതൊടുപുഴ: ഭൂപതിവ് നിയമത്തിലും ചട്ടത്തിലും അടിയന്തര ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചട്ടം ഭേദഗതി ചെയ്യുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ജനകീയ താൽപര്യം ഇക്കാര്യത്തിൽ മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂപതിവ് നിയമത്തിൽ ഉപാധികൾ നിഷ്കർഷിക്കുന്ന എട്ടാം വകുപ്പ് റദ്ദാക്കി ഉപാധിരഹിത പട്ടയങ്ങൾ കർഷകർക്ക് നൽകാൻ സർക്കാർ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
1950 കളിലും 60 കളിലും ഭക്ഷ്യോൽപാദനം ലക്ഷ്യമിട്ട് സർക്കാർ തന്നെ മുൻകൈ എടുത്ത് പ്രോത്സാഹിപ്പിച്ച കുടിയേറ്റക്കാരോട് ഇന്ന് ആ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് അനീതിയാണ്. പതിച്ചു കിട്ടിയ ഭൂമി കൃഷിക്കും താമസത്തിനും മാത്രമെ ഉപയോഗിക്കാവു എന്നു പറഞ്ഞാൽ ഇടുക്കി ജില്ലയിൽ മാത്രമല്ല പതിച്ചു നൽകിയ മറ്റു സ്ഥലങ്ങളിലെയും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും മറ്റും പൊളിച്ചു മാറ്റേണ്ടി വരും.
ഭൂപതിവ് ചട്ടങ്ങൾ സംസ്ഥാനമൊട്ടാകെ ഒന്നുപോലെ നടപ്പാക്കാനാകൂ എന്ന് ഹൈകോടതി വ്യക്തമാക്കി കഴിഞ്ഞു. 1986 ൽ കേന്ദ്ര സർക്കാറിെൻറ അനുമതി വാങ്ങിയാണ് വനഭൂമി കൈവശം ക്രമീകരിക്കൽ ചട്ടം കേരള നിയമസഭ പാസാക്കിയത്. 2020ൽ അതിന് പുതിയ നിർവചനം നൽകുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ ചട്ടം ഭേദഗതിയിലൂടെ ആശങ്ക പരിഹരിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും ജോസഫിനോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.