Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PMUpdated On
date_range 20 July 2020 11:58 PMപയ്യന്നൂർ കോൽക്കളിയെ ജനകീയമാക്കി; അംഗീകാര നിറവിൽ ശിവകുമാർ
text_fieldsbookmark_border
പയ്യന്നൂർ: കോൽക്കളിയെ ജനകീയമാക്കുകയും വനിതകളെ ഉൾപ്പെടെ കോൽക്കളി അഭ്യസിപ്പിച്ച് ഈ ഗ്രാമീണ കലയെ കലാകേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്ത കെ. ശിവകുമാറിന് ലഭിച്ച ഫോക്ലോർ അക്കാദമി ഫെലോഷിപ് അർഹതക്കുള്ള അംഗീകാരമായി. പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ 1967ൽ വി.കെ. കൃഷ്ണ പൊതുവാളിൻെറയും ഭാർഗവി അമ്മയുടെയും മകനായി ജനിച്ച ശിവകുമാർ ചെറുപ്പം തൊട്ടുതന്നെ പഠനത്തോടൊപ്പം കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും ഏറെ മികവ് തെളിയിച്ചിരുന്നു. രവിവർമ കലാസമിതിയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന ഇദ്ദേഹം നിരവധി കലാ സാംസ്കാരിക പ്രവർത്തനം ഏറ്റെടുത്ത് പയ്യന്നൂരിൻെറ സമസ്ത മേഖലകളിലും തൻെറ കഴിവ് അടയാളപ്പെടുത്തി. പയ്യന്നൂരിലെ 'ദൃശ്യ'യുടെ വളർച്ചക്ക് പുതിയ മാനങ്ങൾ നൽകിയത് ശിവകുമാറിൻെറ നേതൃത്വത്തിലാണ്. മഹാദേവ ദേശായി വായനശാല, മഹാദേവ ഗ്രാമം കൾചറൽ മൂവ്മൻെറ്, പുരോഗമന കലാസാഹിത്യസംഘം, പയ്യന്നൂർ പബ്ലിക് ലൈബ്രറി, മഹാദേവ ഗ്രാമം കോൽക്കളി സംഘം എന്നിവയിലൂടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പയ്യന്നൂർ ടൗണിൻെറ ഹൃദയഭാഗത്ത് പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം രൂപകൽപന ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻെറ പ്രഥമ സെക്രട്ടറിയും ദൃശ്യയുടെ പ്രസിഡൻറുമാണ് ശിവകുമാർ. 2014ൽ പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തിൻെറ രൂപവത്കരണത്തോടെ കോൽക്കളിയെ ജനകീയ വത്കരിക്കുന്നതിന് സാധിച്ചു. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിൽപരം വേദികളിൽ കോൽക്കളി അവതരിപ്പിച്ചു. പയ്യന്നൂർ കോൽക്കളിയുടെ ചരിത്രത്തിൽ സ്ത്രീകളുടെ കോൽക്കളി ആദ്യമായി അരങ്ങിലെത്തിക്കുന്നത് ശിവകുമാറിൻെറ നേതൃത്വത്തിലാണ്. കോൽക്കളി രംഗത്ത് തൻെറ ശിക്ഷണത്തിലൂടെ 12 ബാച്ചുകൾ പുറത്തിറങ്ങി. യുവധാര കൾചറൽ ഫോറം കോറോം, ലാസ്യ കലാക്ഷേത്രം പിലാത്തറ, യൂത്ത് സൻെറർ പയ്യന്നൂർ, പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തിൻെറ മൂന്ന് ബാച്ചുകൾ, കൾച്ചറൽ മൂവ്മൻെറ്, മഹാദേവ ഗ്രാമം മഹാദേവ ദേശായി വായനശാലയുടെ രണ്ട് സംഘങ്ങൾ എന്നിവയിൽ തുടങ്ങി ഈ അടുത്ത കാലത്ത് 2019 ഡിസംബറിൽ പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 220 കുട്ടികളെ പങ്കെടുപ്പിച്ചുള്ള കോൽക്കളി ഗിന്നസ് ബുക്കിൽ ഇടം നേടി. ഈ കാലയളവിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി. 2017 നാഷനൽ ചൈൽഡ് ഡെവലപ്മൻെറ് കൗൺസിൽ സാമൂഹിക പ്രവർത്തകനുള്ള അവാർഡ്, തുടർന്ന് സാംസ്കാരിക വകുപ്പിൻെറ പൈതൃക കല അവാർഡ്, കേരള ഫോക്ലോർ അക്കാദമിയുടെ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കി. ലിംക ബുക്ക് ഓഫ് റെക്കോഡ്, യു.ആർ.എഫ് വേൾഡ് റെക്കോഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്, ഇന്ത്യൻ റെക്കോഡ് ബുക്ക് എന്നിവയിലും ഇടം നേടി. പടം.കെ.ശിവകുമാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story