വാഹനാപകടം: എ.പി. അബ്ദുല്ലക്കുട്ടിയുമായി തർക്കമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ
text_fieldsവെളിയങ്കോട് (മലപ്പുറം): ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയുമായി തർക്കമുണ്ടായിട്ടില്ലെന്ന് വെളിയങ്കോട്ടെ ഹോട്ടൽ ഉടമ. കഴിഞ്ഞദിവസം രാത്രി ഹോട്ടലിൽ ചിലർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരിക്കുകയായിരുന്നു ഹോട്ടൽ ഉടമ മൊയ്തുട്ടി തെക്കുമ്പുറത്ത്.
രാത്രിയിൽ മറ്റു മൂന്നുപേരുമായാണ് അബ്ദുല്ലക്കുട്ടി ഹോട്ടലിലെത്തിയത്. ചായയും ഭക്ഷണവും കഴിക്കുകയും ഭക്ഷണത്തെപ്പറ്റി നല്ല അഭിപ്രായം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും വരാമെന്ന് പറഞ്ഞശേഷമാണ് കടയിൽനിന്ന് മടങ്ങിയത്. പുറത്തുവെച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പ്രശ്നമുണ്ടാകുന്ന ശബ്ദമോ മറ്റോ കേട്ടിട്ടില്ല. രാവിലെ മാധ്യമങ്ങളിൽനിന്നാണ് അബ്ദുല്ലക്കുട്ടിയെ ഹോട്ടലിൽ അപമാനിച്ചെന്ന തരത്തിലുള്ള വാർത്തകൾ അറിഞ്ഞതെന്നും കടയുടമ പറഞ്ഞു.
സംഭവത്തിൽ മൂന്നുപേർക്കെതിരെ അബ്ദുല്ലക്കുട്ടി പൊന്നാനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം വെളിയങ്കോട്ടെത്തി കടയുടമയിൽനിന്ന് മൊഴിയെടുത്തു.
അതേസമയം, അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ലോറി ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് കാടാമ്പുഴ പൊലീസ് പറയുന്നത്. ദേശീയപാത രണ്ടത്താണിയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കയറ്റത്തില്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലുണ്ടായിരുന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗതാഗതതടസ്സത്തെ തുടർന്ന് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതോടെ അബ്ദുല്ലക്കുട്ടിയുടെ കാറും ബ്രേക്കിട്ട് നിര്‍ത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്ക് ബ്രേക്കിടാന്‍ സാധിക്കാത്തതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാര്‍ മുന്നിലുള്ള കാറിൽ ഇടിച്ചശേഷം പിറകിലേക്ക് വന്നതോടെ ലോറിയില്‍ വീണ്ടും ഇടിച്ചു.
അബ്ദുല്ലക്കുട്ടിയുടെ ഡ്രൈവറുടെ പരാതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമനുവദിച്ചു. തിരൂര്‍ ആലത്തിയൂരില്‍ റോഡ് പണി നടക്കുന്നിടത്തേക്ക് ക്വാറി മണ്ണടിച്ച ശേഷം പുത്തനത്താണി വഴി വേങ്ങരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എറണാകുളത്ത് പാർട്ടി പരിപാടി കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു അബ്ദുല്ലക്കുട്ടി.
യാത്രക്കിടെ ചായ കുടിക്കാൻ നിർത്തിയ പൊന്നാനി വെളിയങ്കോട് വെച്ച് തന്നെ അപമാനിക്കാൻ ശ്രമം നടന്നെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചിരുന്നു. പരിക്കുകളൊന്നും ഇല്ലാത്തതിനാൽ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.