Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:07 AM GMT Updated On
date_range 13 Feb 2022 12:07 AM GMTതിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് ഒമ്പതുകോടിയുടെ അനുമതി
text_fieldsbookmark_border
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് ഒമ്പതുകോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു. നഗരസഭകൾക്കുള്ള നഗരസഞ്ചയം എന്ന കേന്ദ്രസർക്കാർ പദ്ധതിയിലാണ് തുക അനുവദിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെ തുടർപ്രവൃത്തിക്ക് അഞ്ചുകോടി രൂപയും തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ള പദ്ധതി തുടർപ്രവൃത്തിക്ക് നാല് കോടി രൂപയുമാണ് ലഭിച്ചത്. നേരത്തേ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുകയും പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ റോഡ് പുരുദ്ധാരണത്തിന് 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ എന്നിവയുടെ നിർമാണം പൂർത്തിയായി. തിരൂരങ്ങാടി നഗരസഭയിലെ കരിപ്പറമ്പ് കല്ലക്കയത്തുനിന്ന് കക്കാട് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുമ്പോൾ റോഡ് പുനരുദ്ധാരണത്തിന് 232 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിൽ 80 ലക്ഷം രൂപ വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അടച്ചു. ഉള്ളണം കുടിവെള്ള പദ്ധതിയുടെ കിണർ, മോട്ടോർ പമ്പ് ഹൗസ് എന്നിവ നിർമിച്ചിട്ടുണ്ട്. ടാങ്ക്, ട്രീറ്റ്മെന്റ് പ്ലാന്റ്, ഹൗസ് കണക്ഷനുകൾ തുടങ്ങിയവയാണ് ഇനി നിർമിക്കാനുള്ളത്. ജലജീവൻ മിഷൻ പദ്ധതി പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിൽ നടപ്പാക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി നഗരസഭ യൂനിവേഴ്സിറ്റിയിൽ സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്‍റിൽനിന്ന് ജലം ശുദ്ധീകരിച്ച് വെള്ളം വീടുകളിലേക്ക് പമ്പ് ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഉള്ളംപൂവത്താൻ കുന്നിൽ ടാങ്ക് നിർമിക്കുന്നതോടെ നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ ജലം പമ്പ് ചെയ്യാൻ സാധിക്കും. നിയോജക മണ്ഡലത്തിലെ പെരുമണ്ണ ക്ലാരി, തെന്നല പഞ്ചായത്തുകളിൽ നേരത്തേ ജലനിധി പദ്ധതി യാഥാർഥ്യമാക്കിയിരുന്നു. നന്നമ്പ്ര, എടരിക്കോട് ഗ്രാമപഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ പദ്ധതിപ്രകാരം കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഈ പദ്ധതികൾ കൂടി യാഥാർഥ്യമാകുന്നതോടെ 100 ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച നിയോജകമണ്ഡലം ആയി തിരൂരങ്ങാടി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story