Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:09 AM GMT Updated On
date_range 2 May 2022 12:09 AM GMTമികവുയർത്താൻ കർമ പദ്ധതികളുമായി അത്താണിക്കല്‍ ജി.എം.എല്‍.പി സ്‌കൂള്‍
text_fieldsbookmark_border
പൂക്കോട്ടൂര്‍: അടിസ്ഥാന സൗകര്യ വികസനത്തിലെ മികച്ച നേട്ടങ്ങള്‍ക്കൊപ്പം അക്കാദമിക രംഗത്തും മികവിന്റെ കേന്ദ്രമാകാനൊരുങ്ങി പൂക്കോട്ടൂര്‍ അത്താണിക്കൽ ജി.എം.എല്‍.പി സ്‌കൂള്‍. വേനലവധിയിലും വിശ്രമമില്ലാതെ പ്രത്യേക കർമ പദ്ധതിക്കാണ് സ്‌കൂളിലെ അധ്യാപകരും രക്ഷാകര്‍തൃ സമിതിയും ചേര്‍ന്ന് രൂപം നല്‍കിയിരിക്കുന്നത്. കുട്ടികളെ അടുത്തറിഞ്ഞ് പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ തുടക്കമാകും. ഓരോ കുട്ടിയുടെയും അക്കാദമിക നിലവാരം പ്രത്യേകം പരിശോധിച്ച് വിവിധ വിഷയങ്ങളില്‍ പിന്നാക്കം പോയതിന്റെ കാരണം കണ്ടെത്തി ബാലസൗഹൃദ വിദ്യാഭ്യാസ പദ്ധതിയിലൂടെ പഠനം സുഗമമാക്കുകയാണ് ലക്ഷ്യം. അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നുള്ള പരിശീലന പരിപാടി വിദ്യാലയത്തില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിദ്യാര്‍ഥികളെ വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിലുപരി നിലവിലുള്ള വിദ്യാര്‍ഥികളെയും നവാഗതരെയും പരിഗണിച്ചുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പി.ടി.എ പ്രസിഡന്റ് പി.എ. സലാം പറഞ്ഞു. ഇതിനായി അടുത്ത അധ്യയനവര്‍ഷത്തേക്ക് ഓരോ വിഷയത്തിനും പ്രത്യേക വര്‍ക്ക് ബുക്കുകള്‍ തയാറാക്കി വരുകയാണ്. കുട്ടികളുടെ പഠന നിലവാരത്തിനനുസരിച്ചുള്ള വായന കാര്‍ഡുകള്‍, പഠനോപകരണങ്ങള്‍, ഇംഗ്ലീഷ് സംസാരിക്കാന്‍ മുഴുവന്‍ കുട്ടികളെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമായ സ്വീറ്റി ഇംഗ്ലീഷ് പ്രോഗ്രാം, പിന്നാക്കക്കാര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനുമുള്ള പദ്ധതികള്‍, ശാസ്ത്രീയ കായിക വിദ്യാഭ്യാസ പദ്ധതി, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയവയാണ് നടപ്പാക്കുക. മുഴുവന്‍ ക്ലാസ് മുറികളും ശീതീകരിച്ച വിദ്യാലയമാണ് അത്താണിക്കല്‍ ജി.എം.എല്‍.പി സ്‌കൂള്‍. ബാല സൗഹൃദാന്തരീക്ഷത്തില്‍ ഒരുക്കിയ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് കാത്തിരിക്കാതെ പൂർവ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് വിദ്യാലയത്തില്‍ പഠന പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പടം me kdy 1 school: അത്താണിക്കല്‍ ജി.എം.എല്‍.പി സ്‌കൂള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story