കൈയിൽ ചില്ലിക്കാശില്ല; 22കാരി പത്ത് മാസം കൊണ്ട് പിന്നിട്ടത് എട്ട് സംസ്ഥാനങ്ങൾ
text_fieldsകുന്നംകുളം: യാത്ര പ്രിയമുള്ള 22കാരി തനിയെ സഞ്ചരിച്ചത് പത്ത് മാസം കൊണ്ട് എട്ട് സംസ്ഥാനങ്ങളിലൂടെ. കുന്നംകുളത്തു നിന്ന് കൊല്ലം വരെ ട്രെയിനിൽ എത്തി അവിടെ നിന്ന് ഏഴ് സംസ്ഥാനങ്ങളിലൂടെ അസം വരെയെത്തിയത് ചില്ലിക്കാശ് കൈയിലില്ലാതെ.
'ചാർളി' സിനിമയിലെ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തിൻെറ പ്രചോദനവും യാത്രികരുടെ അനുഭവകഥകളിലെ ഊർജവും ഉൾക്കൊണ്ട് കുന്നംകുളത്തുകാരി ഉമയാണ് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചത്. വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചായിരുന്നു യാത്ര.
പലവട്ടം ആലോചിച്ചുറപ്പിച്ചാണ് പുറപ്പെട്ടത്. 2019 സെപ്റ്റംബർ മൂന്നിന് കാണിപ്പയ്യൂരിലെ വീട്ടിൽനിന്ന് യാത്ര പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും കൈയിൽ കാശില്ലെന്ന വിവരം അവർ അറിയുമ്പോഴേക്കും ഉമ മൈലുകൾ താണ്ടിയിരുന്നു. മൂന്നാം നാൾ മാത്രമാണ് യാത്രാലക്ഷ്യം വീട്ടുകാരെ അറിയിച്ചത്.
തിരിച്ചുവരാൻ പറെഞ്ഞങ്കിലും പുത്തൻ അനുഭവങ്ങൾ ഉമയെ മുന്നോട്ട് നയിച്ചു. പണമില്ലാത്തത് കാര്യമായി ബാധിച്ചില്ല. ചെല്ലുന്നിടത്തു നിന്ന് കിട്ടുന്നത് ഭക്ഷിക്കും. പൊലീസ് സ്റ്റേഷനോ റെയിൽവേ പ്ലാറ്റ്ഫോേമാ മറ്റിടങ്ങളിൽ അഭയം ചോദിച്ചോ രാത്രികളിൽ കണ്ണടച്ചു. പല ദിവസങ്ങളിലും വയറെരിഞ്ഞു. യാത്ര തുടങ്ങിയത് ഒറ്റക്കായിരുന്നെങ്കിലും വിവിധ മേഖലകളിൽനിന്ന് സമാന യാത്രക്കാരും സുഹൃദ്സംഘങ്ങളും കൂട്ടിനുണ്ടായിരുന്നു.
തമിഴ്‌നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ താണ്ടിയാണ് അസമിൽ എത്തിയത്. കുറച്ചുകാലം അവിടെ തങ്ങി. ഇടക്ക് ലോക്ഡൗൺ വന്നതോടെ സഞ്ചാരം താൽക്കാലികമായി നിർത്തി തിരിച്ചുവരികയായിരുന്നു. ഒഡിഷയിൽ ഷെൽട്ടറിൽ കഴിയുമ്പോൾ ഉണ്ടായ ലൈംഗികാതിക്രമ ശ്രമവും ഓർമിച്ചെടുക്കുന്നു.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ അറിവുണ്ടെങ്കിലും ആസാമീസ് ഭാഷ യാത്രക്കിടയിലാണ് പഠിച്ചത്. കണ്ടതെല്ലാം പുതുമയുള്ളതും ഓർത്തുവെക്കാനാവുന്നതുമാണ്. ഇനിയും അവസരമുണ്ടായാൽ യാത്ര മുടക്കില്ലെന്ന് ജേണലിസം, ലിറ്ററേച്ചർ കം കമ്യൂണിക്കേഷൻ ബിരുദധാരിയായ ഉമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.