സ്കാനിങ് പിഴവ്; കുഞ്ഞിന് വൈകല്യം സംഭവിച്ചെന്ന പരാതിയുമായി പിതാവ്
text_fieldsമലപ്പുറം: ഗർഭിണിയായ ഭാര്യയെ സ്കാനിങ് നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ലെന്നും തുടർന്ന് ഓപറേഷൻ വേണ്ടിവന്നെന്നും കുഞ്ഞിന് വൈകല്യം സംഭവിച്ചെന്നും കാണിച്ച് ആശുപത്രിക്കെതിരെ പരാതിയുമായി യുവാവ്. വേങ്ങര ചേറൂർ തച്ചറുപടിക്കൽ അബ്ദു റഷീദാണ് വേങ്ങരയിലെ ആശുപത്രിക്കെതിരെ വാർത്തസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്. 2022 ഫെബ്രുവരി 16ന് ഗർഭിണിയായ ഭാര്യയോടൊപ്പം സ്വകാര്യ ആശുപത്രിയിൽ എത്തുകയും ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽതന്നെ സ്കാനിങ്ങിന് വിധേയമാവുകയും ചെയ്തു.
അന്നത്തെ പരിശോധന ഫലം പോസിറ്റിവ് ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് 23നും ഇതേ സെന്ററിൽ സ്കാൻ ചെയ്തു. അതിലും പോസിറ്റിവ് ആയിരുന്നു ഫലം. എന്നാൽ, കുടുംബം സൗകര്യത്തിന് പിന്നീട് പരിശോധന മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 2022 ആഗസ്റ്റ് 18ന് മലപ്പുറം ഗവ. ആശുപത്രിയിൽ നടന്ന പ്രസവത്തിൽ ലഭിച്ച കുഞ്ഞിന് വലത്തെ കൈവിരലുകളും കൈപ്പത്തിയും ഇല്ലായിരുന്നെന്നും വലത്തെ കാലിന്റെ മടമ്പ് ഇല്ലാതെയും ഇടത്തെ കാലിന്റെ മുട്ടിനുതാഴെ അസ്ഥി ഇല്ലാതെയുമാണ് ഉണ്ടായിരുന്നത്. നേരത്തേ കാണിച്ച വേങ്ങരയിലെ ആശുപത്രി അധികൃതർ നിരുത്തരവാദ നടപടിയെടുത്തതുകൊണ്ടാണ് സംഭവം അറിയാൻ കഴിയാതിരുന്ന് റഷീദ് പറഞ്ഞു.
സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് കുറ്റക്കാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അബ്ദുൽ റഷീദ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബന്ധുക്കളായ സി. അബ്ദുൽ ലത്തീഫ്, ടി.പി. മുസ്തഫ, എ.കെ. മുഹമ്മദ്, ടി.പി. ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു. എന്നാൽ, റഷീദിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ആശുപത്രി മാനേജ്മെന്റും ഡോക്ടറും അറിയിച്ചു. റഷീദിന്റെ പരാതി ലഭിച്ചെന്നും തുടർനടപടികൾക്ക് വകുപ്പ് ശിപാർശ ചെയ്തിട്ടുണ്ടെന്നും ഡി.എം.ഒ ഡോ. ആർ. രേണുക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.