100 ദിനം, 100 കോടി: മലപ്പുറം ജില്ല പഞ്ചായത്ത് ഭരണസമിതി ഒന്നാം വാർഷികം
text_fieldsമലപ്പുറം: ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 100 ദിനങ്ങളിലായി 100 കോടി രൂപ ശ്രദ്ധേയ വികസന പദ്ധതികൾ ജില്ലക്ക് സമർപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. 2022 ഏപ്രിൽ ഏഴുവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്നാം വാർഷികാഘോഷ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗൺഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപിടിച്ച് 'കാൽ പന്ത് ലഹരി' സൗഹൃദ ഫുട്ബാൾ മത്സരം, എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെ ആദരിക്കൽ, പുസ്തകോത്സവം, കവിയരങ്ങ്, സാംസ്കാരിക ഘോഷയാത്ര, കലാവിരുന്ന്, പഴയകാല ജനപ്രതിനിധികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും. ജില്ലയുടെ ദീർഘകാല വികസന പരിപ്രേക്ഷ്യം തയാറാക്കാൻ 'വിഷൻ 2030' എന്ന പേരിൽ നടത്തുന്ന പ്രത്യേക വികസന സെമിനാറിൽ ആസൂത്രണ രംഗത്തെ പ്രമുഖർ സംബന്ധിക്കും. വിദ്യാഭ്യാസ സെമിനാർ, കരിയർ ഗൈഡൻസ് പ്രോഗ്രാം, തൊഴിൽ മേള, സംരംഭകത്വ ശിൽപശാല എന്നിവയും ഒരുക്കും.
32 ഡിവിഷനുകളിലും റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, സാനിറ്ററി കോംപ്ലക്സുകൾ, ശ്മശാനം, അംഗൻവാടികൾ തുടങ്ങിയ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും. ഒരു ലക്ഷം വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന '100 കെ കോഡേഴ്സ്' പദ്ധതി, സയൻസ് പാർക്ക്, സ്കൂളുകളിലേക്ക് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്ന 'ലെറ്റ്സ് സ്മാർട്ട്' പദ്ധതി, ഡ്രോൺ പൈലറ്റ് സാങ്കേതിക പരിശീലനം, കോവിഡ് അനാഥ ബാല്യ സംരക്ഷണ പദ്ധതി, നിലമ്പൂർ ജില്ല ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, ലിഫ്റ്റ്, പുതിയ ഒ.പി ബ്ലോക്ക്, തിരൂർ ജില്ല ആശുപത്രിയിൽ അത്യാധുനിക തിമിര ശസ്ത്രക്രിയ സംവിധാനമായ ഫാക്കോ എമൾസിഫിക്കേഷൻ സിസ്റ്റം, തിരൂർ ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററിൽ 50 പേർക്ക് സൗജന്യ നിരക്കിൽ നിർമിത അവയവങ്ങളുടെ വിതരണം, ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രത്യേക വിശ്രമ മുറി തുടങ്ങിയ പദ്ധതികളുമുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം പി. ഉബൈദുല്ല എം.എൽ.എ, സ്കൂളുകൾക്കുള്ള ട്രോഫി വിതരണം എ.പി. അനിൽ കുമാർ എം.എൽ.എ എന്നിവർ നിർവഹിക്കും. ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ സറീന ഹസീബ്, ആലിപ്പറ്റ ജമീല, അംഗങ്ങളായ പി.വി. മനാഫ്, ഫൈസൽ എടശ്ശേരി, സെക്രട്ടറി നാലകത്ത് റഷീദ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.