വ്യാജ ഇൻഷുറൻസുമായി 11 മാസം സർവിസ്; സ്വകാര്യ ബസ് പിടികൂടി
text_fieldsമലപ്പുറം: വ്യാജ ഇൻഷുറൻസ് ഉപയോഗിച്ച് 11 മാസം സർവിസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. തിരൂർ-കുറ്റിപ്പുറം റൂട്ടിൽ സർവിസ് നടത്തുന്ന അൽ ബുസ്താൻ ബസാണ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
പരിശോധന സമയത്ത് കണ്ടക്ടർ ഹാജരാക്കിയ പോളിസി സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിവാഹൻ സൈറ്റിൽ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് ലഭ്യമായില്ല. വളാഞ്ചേരിയിലെ ഇൻഷുറൻസ് കമ്പനിയുടെ ബ്രാഞ്ച് ഓഫിസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പിടികൂടിയത്.
2021 നവംബറിൽ വണ്ടിച്ചെക്ക് നൽകി സ്വകാര്യ ഏജൻസി വഴി ഇൻഷുറൻസ് എടുത്തതും അക്കൗണ്ടിൽ പണമില്ലാത്തതിന്റെ പേരിൽ ഇൻഷുറൻസ് പോളിസി അസാധുവായതും വാഹന ഉടമയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നിട്ടും 11 മാസം ഇൻഷുറൻസ് ഇല്ലാതെ സർവിസ് നടത്തുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐമാരായ കെ.എം. അസൈനാർ, എ.എം.വി.ഐ കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ബസ്റ്റാൻഡിൽ എത്തി ബസ് കസ്റ്റഡിയിലെടുത്ത് തിരൂർ പൊലീസിന് കൈമാറി. ദിവസവും 500ഓളം യാത്രക്കാരുമായി ഇൻഷുറൻസ് ഇല്ലാതെ സർവിസ് നടത്താൻ തയാറായ ബസ് ഉടമക്കെതിരെ നടപടി സ്വീകരിക്കാൻ ആർ.ടി.ഒക്ക് ശിപാർശ ചെയ്യും. പെർമിറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ല ആർ.ടി.ഒ സി.വി.എം. ഷരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.