മലപ്പുറം ഗവ. താലൂക്ക് ആശുപത്രി കോവിഡ് ചികിത്സക്ക് 115 കിടക്കകൾ; 10ൽ വെൻറിലേറ്റർ, 45ലും ഓക്സിജൻ
text_fieldsമലപ്പുറം: കോട്ടപ്പടിയിലെ ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സിൽ സജ്ജമാക്കിയ വെൻറിലേറ്റർ ഐ.സി.യുവും കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനങ്ങളും പ്രവർത്തനം തുടങ്ങി.
ദുരന്ത നിവാരണ വിഭാഗത്തിെൻറ അനുമതിയോടെ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ അനുവദിച്ച 1.25 കോടി രൂപ ചെലവില്‍ നഗരസഭയുടെ നേതൃത്വത്തിലാണ് ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയത്. 1.15 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ആധുനിക ഐ.സി.യുവില്‍ വെൻറിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള പത്ത് കിടക്കകളും അഞ്ച് ഹൈ ഡിപ്പൻഡൻസ് യൂനിറ്റുകളുമുണ്ട്.
10 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കിയത്. ഐ.സി.യുവിലുള്ള 15 കിടക്കകളിലും കോവിഡ് ചികിത്സ വാര്‍ഡുകളിലെ 30 കിടക്കകളിലും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സൗകര്യങ്ങളോടെയുള്ള 45 കിടക്കകളുള്ള ഏക താലൂക്ക് ആശുപത്രിയായി ഇത് മാറി. വെൻറിലേറ്റര്‍ ഐ.സി.യുവില്‍ 15 എണ്ണം കൂടിയായപ്പോള്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി മാത്രം 115 കിടക്കകളായി. ഐ.സി.യുവിനു പുറമെ പഴയ ബ്ലോക്കില രണ്ട് നിലകളിലായുള്ള രണ്ട് വാര്‍ഡുകളില്‍ 50 പേരെ വീതം കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
കോവിഡ് പ്രതിരോധത്തിലെ മികവിന് നഗരസഭ ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഡി.ആര്.ഡി.എ പദ്ധതി ഡയറക്ടര്‍ പ്രീതി മേനോന്, നഗരസഭയിലെ കോവിഡ് നോഡല്‍ ഓഫിസറായ മലപ്പുറം ബ്ലോക്ക് അസി. എൻജിനീയര്‍ മിനിമോള്‍ എന്നിവര്‍ക്ക് ഉബൈദുല്ല എം.എല്‍.എ കൈമാറി.
നഗരസഭ ഉപാധ്യക്ഷ ഫൗസിയ കൊന്നോല, കൗൺസിലർ ഒ. സഹദേവന് എന്നിവര്‍ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി എം. ജോബിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു സ്വാഗതവും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിദ്ദീഖ് നൂറേങ്ങല്‍ നന്ദിയും പറഞ്ഞു.
ആരോഗ്യ മന്ത്രിയെ ക്ഷണിക്കാത്തതിൽ ഇടതു കൗൺസിലർമാർ പ്രതിഷേധിച്ചു
മലപ്പുറം: ഗവ. താലൂക്ക് ആശുപത്രിയിലെ വെൻറിലേറ്റർ ഐ.സി.യു ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രിയെ ക്ഷണിക്കാത്തത് നഗരസഭ അധ്യക്ഷെൻറ സങ്കുചിത രാഷ്ട്രീയത്തിെൻറ ഭാഗമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ ഉദ്ഘാടന കാര്യം സൂചിപ്പിച്ചിരുന്നില്ല.
നഗരസഭ കോർകമ്മിറ്റി യോഗത്തിൽ വിഷയം സി.പി.എം കക്ഷി നേതാവ് ഒ. സഹദേവൻ ഉന്നയിക്കുകയും ഉദ്ഘാടനത്തിന് ലഭ്യമാണോ എന്നറിയാൻ ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുകയും ചെയ്തു. ശേഷം നഗരസഭ അധ്യക്ഷനോട് ബന്ധപ്പെടാനും മെയിൽ അയക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദ്യമേ തന്നെ ശിലാഫലകം വരെ ഭരണസമിതി തയാറാക്കിവെച്ചിരുന്നെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ആശുപത്രി വികസനത്തിന് സർക്കാർ ഒരു കോടി രൂപ അനുവദിച്ചകാര്യവും ഇടതു മുന്നണി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. സഹദേവൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.