പ്രഥമ പലിശരഹിത അയൽക്കൂട്ടം: മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിക്ക് 13-വയസ്
text_fieldsമാറഞ്ചേരി: പ്രഥമ പലിശരഹിത അയൽക്കൂട്ട സംവിധാനം രൂപപ്പെടുത്തിയ മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റി 13ാം വാർഷിക സംഗമം മേയ് 24ന് വൈകീട്ട് മൂന്നു മുതൽ മാറഞ്ചേരി സൽക്കാര കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ സംഗമത്തിന് തുടക്കമാകും. വാർഷിക സമ്മേളനം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡന്റ് എ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും. മികച്ച അയൽക്കൂട്ടങ്ങളെ ഇൻഫാഖ് ചെയർമാൻ കളത്തിൽ ഫാറൂഖ് ആദരിക്കും. വിവിധ മത്സരവിജയികളെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്തും മികച്ച തണൽ പുരയിട കർഷകരെ കാർഷിക സർവകലാശാല പ്രഫസർ ഡോ. പി.കെ. അബ്ദുൽ ജബ്ബാറും ആദരിക്കും.
ഫർഷാദ് നയിക്കുന്ന ഗാനമേളയും അരങ്ങേറും. മാറഞ്ചേരി മുക്കാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണലിന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ 110 സംഗമം അയൽക്കൂട്ടങ്ങളിലായി രണ്ടായിരത്തിൽപരം അംഗങ്ങളുണ്ട്. കൂടാതെ നാല് സബ് സെന്ററുകളിലായി (പുറങ്ങ്, പരിച്ചകം, പഴഞ്ഞി, വെളിയങ്കോട്) നൂറിൽപരം അയൽക്കൂട്ടങ്ങളിൽ രണ്ടായിരത്തോളം പേർ അംഗങ്ങളാണ്. അംഗങ്ങളുടെ സമ്പാദ്യം ഉപയോഗപ്പെടുത്തി അംഗങ്ങൾക്കിടയിൽ പലിശരഹിത വായ്പ, തൊഴിൽ സംരംഭങ്ങൾക്കുള്ള പലിശരഹിത സഹായം എന്നിവയാണ് മുഖ്യമായും ചെയ്തുവരുന്നത്. വറുതിയിലായ കഴിഞ്ഞ കോവിഡ് കാലത്ത് മാത്രം 4 .70 കോടി രൂപയാണ് പലിശയില്ലാതെ ഇവർ പരസ്പരം സഹായിച്ചത്. 13 വർഷത്തിനിടെ 15 കോടിയിൽപരം രൂപ പലിശരഹിത സഹായമായി ഈ കൂട്ടായ്മ പരസ്പരം നൽകി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 500ഓളം കുടുംബങ്ങൾ പങ്കാളികളായി തണൽ പുരയിടകൃഷി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.
സ്വയംതൊഴിൽ മേഖലയിൽ ആസൂത്രിത പരിശീലനവും സംരംഭകർക്ക് പലിശരഹിത സഹായവും ചെയ്തുവരുന്നു. മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണം, ഗൈഡൻസ് പ്രോഗ്രാമുകൾ എന്നിവയും തണൽ സംഘടിപ്പിക്കുന്നു. ബാലസഭകളും തണലിന് കീഴിൽ പ്രവർത്തിക്കുന്നു. 500ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.
തണൽ പ്രവർത്തനങ്ങൾ മാതൃകയാക്കി ഇൻഫാക് സസ്റ്റെയ്നബ്ൾ ഡെവലപ്മെന്റ് സൊസൈറ്റിക്ക് കീഴിൽ 250ൽപരം പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് പേർ അംഗങ്ങളായ സംഗമം പലിശരഹിത അയൽക്കൂട്ടങ്ങൾ പ്രവർത്തിക്കുന്നു. വാർത്തസമ്മേളനത്തിൽ തണൽ പ്രസിഡന്റ് എ. അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് ചിറ്റാറിയിൽ കുഞ്ഞു, ട്രഷറർ ടി. ഇബ്രാഹിംകുട്ടി, എക്സി. അംഗം പി. അബ്ദുസ്സമദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.