ബാങ്ക് നിക്ഷേപത്തില്‍ 1491 കോടിയുടെ വര്‍ധന; ജില്ലതല ബാങ്കിങ് അവലോകന യോഗം ചേർന്നു
text_fieldsമലപ്പുറം: സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി ചെറുകിട വായ്പകള്‍ കൂടുതലാളുകള്‍ക്ക് നല്കാന് ജില്ലയിലെ ബാങ്കുകള്‍ തയാറാകണമെന്ന് ജില്ല വികസന കമീഷണര്‍ എസ്. പ്രേംകൃഷ്ണന്‍. ജില്ലതല ബാങ്കിങ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-പട്ടികവിഭാഗം, വനിതകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ എന്നിവര്‍ക്ക് തടസ്സരഹിതമായി വായ്പകള്‍ ലഭ്യമാക്കണം. വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. സാമൂഹിക സുരക്ഷ പദ്ധതികള്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കണം. ജില്ലയിലെ കര്‍ഷകരുടെ വരുമാനം 2022 ആകുമ്പോഴേക്കും ഇരട്ടിയാക്കാനായി വായ്പകള്‍ നല്കാൻ മുന്‍ഗണന നല്‍കണം. തെരുവോര കച്ചവടക്കാരുടെ ഉന്നതിക്കായുള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കണമെന്നും വികസന കമീഷണര്‍ നിര്‍ദേശം നല്കി. കോവിഡ് സാഹചര്യമായതിനാല്‍ വായ്പ അനുവദിക്കുന്നതില്‍ കുറവുണ്ടായെന്നും വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1491 കോടി വര്‍ധിച്ചു 45,767 കോടിയായതായി യോഗം വിലയിരുത്തി. ഇതില്‍ പ്രവാസി നിക്ഷേപമാണ് കൂടുതൽ. ജില്ലയിലെ പ്രവാസി നിക്ഷേപം കഴിഞ്ഞ പാദത്തേക്കാള്‍ വര്‍ധനവാണുള്ളത്. 13,886 കോടി രൂപ പ്രവാസി നിക്ഷേപമാണ്. മാര്‍ച്ച് പാദത്തില്‍ 13302 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 59.88 ശതമാനമാണ്. കേരള ഗ്രാമീണ ബാങ്കില്‍ 70 ശതമാനവും കനറബാങ്കില്‍ 64 ശതമാനവും എസ്.ബി.െഎയില്‍ 33 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 26 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 43 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം. വാര്‍ഷിക ക്രെഡിറ്റ് പ്ലാനിെൻറ 19 ശതമാനം ജില്ലയിലെ ബാങ്കുകള്‍ക്ക് നേടാനായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 1633 കോടിയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റ് വിഭാഗങ്ങളില്‍ 1619 കോടി വായ്പയും നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ആര്.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ പ്രദീപ് കൃഷ്ണ മാധവു, നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, കനറ ബാങ്ക് എ.ജി.എം ഷീബ സഹജന്, ലീഡ് ബാങ്ക് മാനേജര്‍ പി.പി. ജിതേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.