166 പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍; ആരോഗ്യസൗഖ്യ കേന്ദ്രങ്ങളാകുന്നു
text_fieldsമലപ്പുറം: 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 166 ഉപകേന്ദ്രങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളായി മാറ്റുന്നു. ഇതിനായി 6.63 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 71 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഈ കേന്ദ്രങ്ങളില്‍ ഏഴുലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തമാസം തുടക്കമാകും. ജീവിത ശൈലീ രോഗങ്ങള്‍ സംബന്ധിച്ചും പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതകളെക്കുറിച്ചും വ്യക്തമായ വിവര ശേഖരണം നടത്തി രോഗവ്യാപന സാധ്യതകള്‍ തടയാനുള്ള പ്രവര്‍ത്തനം നടത്തും. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി പ്രാഥമിക കൗണ്‍സലിങ് നല്‍കും. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ ഉറപ്പാക്കും.
ആദിവാസി മേഖലകളും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. പോഷണം, ജീവിതശൈലീ രോഗ നിയന്ത്രണം, മാനസികാരോഗ്യം, ശിശു ക്ഷേമം, വയോജനാരോഗ്യം, വനിതാരോഗ്യം, കൗമാര ആരോഗ്യം, പകര്‍ച്ചവ്യാധി പ്രതിരോധം, പ്രഥമ ശുശ്രൂഷ, കൗണ്‍സലിങ് തുടങ്ങിയ സേവനങ്ങളാണ് ഓരോ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിലുമുണ്ടാകുക.
ജൂനിയര്‍ പബ്ലിക് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സമൂഹ ആരോഗ്യ പരിരക്ഷ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.