പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു; ജില്ലയിൽ 9880 കുട്ടികൾ പുറത്ത്
text_fieldsതിരുവനന്തപുരം/മലപ്പുറം: പ്ലസ് വൺ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിട്ടും മലബാറിലെ സീറ്റ് ക്ഷാമം തുടരുന്നു. മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തോളം വിദ്യാർഥികൾക്കാണ് ഇനിയും സീറ്റ് ലഭിക്കാത്തത്. മലപ്പുറത്ത് ഏഴായിരം പേർക്ക് മാത്രമാണ് സീറ്റ് ലഭിക്കാത്തതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം പൊളിയുന്നത് കൂടിയാണ് ഞായറാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ച സപ്ലിമെൻററി അലോട്ട്മെൻറിെൻറ സ്ഥിതിവിവരക്കണക്ക്.
മലപ്പുറത്തിന് പുറമെ പാലക്കാട്, കോഴിക്കോട് ജില്ലകളിലും സീറ്റ് കുറവുണ്ട്. മലപ്പുറത്ത് സപ്ലിമെൻററി അലോട്ട്മെൻറിനായി സാധുവായ അപേക്ഷ സമർപ്പിച്ചത് 16879 പേരായിരുന്നു. ഇതിൽ 6999 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. അവശേഷിക്കുന്ന 9880 പേർക്കായി അവശേഷിക്കുന്നത് 89 സീറ്റുകൾ മാത്രമാണ്. ജില്ലയിൽ സപ്ലിമെൻററി ഘട്ടത്തിൽ ഏഴായിരം പേർക്ക് മാത്രമേ സീറ്റ് ആവശ്യമുള്ളൂവെന്നായിരുന്നു മന്ത്രിയുടെ വാദം. പാലക്കാട് ജില്ലയിൽ 8133 അപേക്ഷകരിൽ 2643 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. അവശേഷിക്കുന്ന 5490 പേർക്കായി ഇനിയുള്ളത് 1107 സീറ്റുകൾ. കോഴിക്കോട് ജില്ലയിൽ 7190 അപേക്ഷകരിൽ 3342 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. അവശേഷിക്കുന്ന 3848 അപേക്ഷകർക്കായി ഇനിയുള്ളത് 1598 സീറ്റ്. സംസ്ഥാനത്താകെ 57662 സാധുവായ അപേക്ഷകളാണ് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് ലഭിച്ചത്. ഇതിൽ 30245 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. അവശേഷിക്കുന്നത് 22729 സീറ്റുകൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ രണ്ടായിരത്തിലധികം വീതം സീറ്റുകളാണ് ബാക്കിയുള്ളത്. മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗസമിതി നൂറിലധികം താൽക്കാലിക ബാച്ചിനായി ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. അലോട്ട്മെൻറ് ലഭിച്ചവർ ചൊവ്വാഴ്ചക്കകം സ്കൂളുകളിൽ പ്രവേശനം നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.