2023 വിടപറയുമ്പോൾ മലപ്പുറം ജില്ല മറക്കാത്ത സംഭവങ്ങൾ...
text_fieldsനാടിനെ നടുക്കിയ ദുരന്തങ്ങളും അപ്രതീക്ഷിത വിയോഗങ്ങളും വലിയ നേട്ടങ്ങളുമൊക്കെയായി ‘സംഭവബഹുലമായ’ 2023 വിട പറയുകയാണ്. താനൂർ ബോട്ടപകടവും നിരത്തിലെ അപകടങ്ങളുമെല്ലാം ജില്ലയെ സങ്കട കടലിലാക്കിയാണ് 2023ന്റെ മടക്കം. പ്രമുഖ വ്യക്തികളുടെ വേർപാടും മറക്കാത്ത ഓർമകളുടെ പട്ടികയിൽ ഇടംപിടിക്കും. ജില്ലക്ക് അവസരങ്ങളുടെയും നേട്ടങ്ങളുടെയും കൂടി വർഷമായിരുന്നു 2023.
കണ്ണീരോർമയിൽ താനൂർ ബോട്ടപകടം മേയ് -ഏഴ്
2023ലെ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു താനൂരിലെ ബോട്ടപകടം. മേയ് ഏഴിന് താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അഞ്ച് കുട്ടികളടക്കം 22 പേരാണ് മരിച്ചത്. വൈകീട്ട് ഏഴോടെയായിരുന്നു അപകടം.
താനൂർ കസ്റ്റഡി മരണം
താനൂരിൽ ലഹരി കേസിൽ പിടിക്കപ്പെട്ട താമിർ ജിഫ്രിയെന്ന യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. ജൂലൈ 31നാണ് ലഹരിക്കേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി മരിച്ചു. മലപ്പുറം എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെ മർദനഫലമാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് യൂത്ത് ലീഗ് അടക്കം രംഗത്തു വന്നു.
കുനിയിൽ ഇരട്ടക്കൊല: 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത് ഏപ്രിൽ 19നായിരുന്നു. ജീവപര്യന്തം തടവിനുപുറമെ എല്ലാ പ്രതികളും അരലക്ഷം വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കേസില്‍ ആകെ 21 പ്രതികളാണ് വിചാരണ നേരിട്ടത്.
‘സൂപ്പറാ’യി ഫുട്ബാൾ ആരവം
മികച്ച ഫുട്ബാൾ ടൂർണമെന്റുകൾ സമ്മാനിച്ച വർഷമായിരുന്നു 2023. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഏപ്രിൽ മാസത്തിൽ നടന്ന സൂപ്പർ കപ്പ് പോരാട്ടം വലിയ ഫുട്ബാൾ വിരുന്നാണ് കാണികൾക്ക് സമ്മാനിച്ചത്. ഐലീഗിലെയും ഐ.എസ്.എല്ലിലെലും വമ്പൻ ടീമുകൾ തമ്മിൽ നടന്ന മത്സരം വീക്ഷിക്കാൻ നിരവധിപേരാണ് പയ്യനാട്ടെത്തിയത്. എ.എഫ്.സി പ്ലേ ഓഫ് മത്സരവും ഇതേ സ്റ്റേഡിയത്തിൽ അരങ്ങേറി. കൂടാതെ പയ്യാനാട്ട് തന്നെ നടന്ന ഐ ലീഗ് മത്സരങ്ങളും കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ ഫുട്ബാൾ, കേരള പ്രീമിയർ ലീഗ് മത്സരങ്ങളും മലപ്പുറത്തെ ഫുട്ബാൾ ആരാധകർക്ക് ആവേശ വിരുന്നൊരുക്കി.
ജില്ലക്ക് പുതിയ കലക്ടർ ഒക്ടോബർ 20:
ജില്ല കലക്ടറായി വി.ആർ. വിനോദ് ചുമതലയേറ്റു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ, ജില്ല കലക്ടർ പദവിയിൽനിന്നും പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലംമാറിപോകുന്ന വി.ആർ. പ്രേംകുമാർ പുതിയ കലക്ടർക്ക് ചുമതല കൈമാറി. തിരുവനന്തപുരം സ്വദേശിയാണ്.
എസ്. ശശിധരൻ ജില്ല പൊലീസ് മേധാവി നവംബർ 22
ജില്ല പൊലീസ് മേധാവിയായി എസ്. ശശിധരൻ നവംബർ 22ന് ചുമതലയേറ്റു. ജില്ല പൊലീസ് മേധാവിയായിരുന്ന എസ്. സുജിത്ത് ദാസിന് പകരമാണ് ശശിധരൻ ചുമതല ഏറ്റെടുത്തത്. കൊച്ചി ഡി.സി.പിയായിരുന്ന ശശിധരൻ. സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ച ശശിധരൻ വിവിധ തസ്തികളിൽ കേരള പൊലീസ് സേനയുടെ ഭാഗമായിട്ടുണ്ട്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ്.
ശാസ്ത്രകിരീടം മലപ്പുറത്തിന്
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം മലപ്പുറത്തിന്. 1442 പോയന്റ് നേടി മുൻ ചാമ്പ്യൻമാരായ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലപ്പുറത്തെ ശാസ്ത്രപ്രതിഭകളുടെ വിജയഗാഥ. 1350 പോയന്റാണ് രണ്ടാമതെത്തിയ പാലക്കാടിന്റെ സമ്പാദ്യം. ഗണിതശാസ്ത്രമേളയിലും സാമൂഹിക ശാസ്ത്രമേളയിലും മലപ്പുറമാണ് ചാമ്പ്യൻമാരായത്.
തുവ്വൂർ കൊലപാതകം
തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തകയായ പള്ളിപ്പറമ്പിലെ മാങ്കുത്ത് സുജിത (35) യുടെ കൊലപാതകം 2023ലെ പ്രധാന കേസായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരനും ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ മാതോത്ത് വിഷ്ണു തുടക്കംമുതലേ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. കൃത്യമായ അന്വേഷണത്തിൽ ഉടനെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ആഗസ്റ്റ് 11ന് കാണാതായ സുജിതയുടെ മൃതദേഹം 21ന് രാത്രിയാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്.
കേരള ബാങ്കിൽ ലയിപ്പിച്ച് ജില്ല ബാങ്ക് ജനുവരി 12
ലയനത്തിന് തയാറാകാതെ വിട്ടുനിന്ന മലപ്പുറം ജില്ല സഹകരണ ബാങ്കിനെ, സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) സർക്കാർ നിർബന്ധിതമായി ലയിപ്പിച്ചത് കോടതി വ്യവഹാരങ്ങളിലേക്ക് വഴിതുറന്നു. ജനറൽ ബോഡിയുടെ അംഗീകാരംവാങ്ങാതെ, ഓഹരി ഉടമകള്‍ക്ക് ഒരു നോട്ടീസ് മാത്രം നല്‍കിയാണ്, സഹകരണ രജിസ്ട്രാർ എം.ഡി.സി ബാങ്കിനെ ലയിപ്പിച്ചത്. നടപടി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ തള്ളി ഒക്ടോബര്‍ 27ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ലയനത്തിന് അംഗീകാരം നൽകിയെങ്കിലും ഇതിനെതിരെ ബാങ്ക് മുൻ ഭരണസമിതിയും റിസർവ്വ് ബാങ്കും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയി. ലീഗ് എം.എൽ.എ പി. അബ്ദുൽ ഹമീദ്, എൽ.ഡി.എഫ് സർക്കാറിന്റെ ശിപാർശ പ്രകാരം കേരള ബാങ്കിന്റെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത് ലീഗിനും യു.ഡി.എഫിലും വൻ വിവാദത്തിന് തിരികൊളുത്തി.
ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി ജൂലൈ 7
മലപ്പുറം: പ്രമുഖ ശിൽപിയും ചിത്രകാരനും ആർട്ട് ഡയറക്ടറുമായ ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധരാത്രി 12.21നായിരുന്നു അന്ത്യം. 1925ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായാണ് ജനനം.
കുതിരയോട്ടത്തിൽ ‘ലോകം’ കീഴടക്കി നിദ
ലോക ദീർഘദൂര കുതിരയോട്ടത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്.ഇ.ഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറംകാരി നിദ അൻജും ഇന്ത്യക്ക് അഭിമാനായത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ നിദ അൻജും മലപ്പുറം തിരൂർ സ്വദേശിയാണ്.
മലപ്പുറംകാരന്റെ ഫുട്ബാൾ ഷോട്ട് ലോക വൈറൽ
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീലിന് (വീഡിയോ) ലോക കാഴ്ചക്കാരുടെ റെക്കോർഡിനെ മറികടന്ന് അഭിമാനമായത് അരീക്കോട്ടുകാരനായിരുന്നു. ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരവും അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ് വാൻ ആണ് തന്റെ റീൽസിലൂടെ കൂടുതൽ കാഴ്ചകാരെ നേടി ലോക ശ്രദ്ധപിടിച്ചു പറ്റിയത്. മുഹമ്മദ് റിസ് വാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാൾ തട്ടുന്ന 30 സെക്കൻഡ് റീലിന് പത്ത് ദിവസംകൊണ്ട് 35 കോടി കാഴ്ചക്കാരാണ് കണ്ടത്.
സ്കൂൾ കായികമേളയിൽ മലപ്പുറം കരുത്ത്
കുന്നുംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കരുത്ത് തെളിയിച്ച് രണ്ടാം സ്ഥാനം നേടി ഇക്കുറിയും മലപ്പുറം ഞെട്ടിച്ചു. കിരീടം ചൂടിയ പാലക്കാടിന് പിറകെ 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റുമായി മലപ്പുറം രണ്ടാംസ്ഥാനം നിലനിർത്തിയത്. മികച്ച സ്കൂളുകളുടെ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എം.എച്ച്.എസ്.എസ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻപട്ടം നിലനിർത്തി.
സിദ്ദീഖ് കാപ്പന് ജയിൽ മോചനം2023 ഫെബ്രുവരി രണ്ട്
ദേശവിരുദ്ധനായി ചിത്രീകരിച്ച് യു.പി സർക്കാർ രണ്ടര വർഷത്തോളം തടവിലിട്ട മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജയിൽമോചനം. സുപ്രീംകോടതിയും പിന്നാലെ അലഹബാദ് ഹൈക്കോടതിയും അനുവദിച്ച ജാമ്യത്തിന്റെ ബലത്തിലാണ് വേങ്ങര സ്വദേശിയായ കാപ്പൻ ജയിൽ മോചിതനായത്. കാപ്പന്റെ മോചനത്തിനുവേണ്ടി ഭാര്യ റൈഹാനത്ത് നടത്തിയ നിയമപോരാട്ടം എടുത്തുപറയേണ്ടതാണ്. 2020 ഒക്ടോബറിലാണ് സിദ്ദീഖ്, ദലിത് പെൺകുട്ടികൾ കൊലചെയ്യപ്പെട്ട ഹാഥറസിലുള്ള യാത്രക്കിടെ അറസ്റ്റിലാവുന്നത്.
ഗവർണറും എസ്.എഫ്.ഐയും മുഖാമുഖം ഡിസംബർ 16-18
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എസ്.എഫ്.ഐയും നേർക്കുനേർ പോരാട്ടത്തിനാണ് ഡിസംബർ മൂന്നാംവാരം കാലിക്കറ്റ് സർവകലാശാല സാക്ഷ്യംവഹിച്ചത്. സെനറ്റിൽ സംഘ് പരിവാർ അനുകൂലികളെ ഗവർണർ കുത്തിനിറക്കുന്നുവെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐയുടെ സമരം. സെമിനാറിൽ പങ്കെടുക്കാൻ കാലിക്കറ്റിൽ എത്തിയ ഗവർണർക്കെതിരെ സ്ഥാപിച്ച കറുത്ത ബാനർ നീക്കാൻ അദ്ദേഹം നേരിട്ടിറങ്ങിയതും എസ്.പിയോടും വി.സിയോടും ക്ഷുഭിതനായതുമടക്കം നിരവധി നാടകീയതകളാണ് കാമ്പസിൽ മൂന്ന് ദിനരാത്രങ്ങളിലായി അരങ്ങേറിയത്.
വികസന പ്രതീക്ഷയില്‍ കരിപ്പൂര്‍
കരിപ്പൂർ വിമാന ദുരന്തത്തെതുടര്‍ന്ന് വലിയ വെല്ലുവിളിയായിരുന്ന റണ്‍വെയുടെ സുരക്ഷ മേഖല വിപുലപ്പെടുത്താനുള്ള പ്രവൃത്തികള്‍ക്ക് കളമൊരുങ്ങി. ഡിസംബര്‍ 19ന് ടെന്‍ഡറായ പ്രവൃത്തികള്‍ പുതുവര്‍ഷത്തോടെ ആരംഭിക്കും. റെസ വിപുലീകരണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട 12.48 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഒക്ടോബറില്‍ വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിരുന്നു. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന 76 കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നല്കി സ്ഥലം ഏറ്റെടുത്തത്. റനിയന്ത്രണങ്ങള് നീക്കിയതോടെ പകല്‍സമയ വിമാന സര്‍വിസുകള്‍ ഒക്ടോബര്‍ 28 മുതല്‍ പുനരാരംഭിച്ചു.
മലപ്പുറം എ പ്ലസ് കഥ മേയ് 19
എസ്.എസ്.എൽ.സിയിൽ നേട്ടം തുടർന്ന് ജില്ല. 77,967 കുട്ടികൾ പരീക്ഷ എഴുതിയതിൽ 77,827 കുട്ടികളാണ് ഉപരി പഠനത്തിന് അർഹത നേടിയത്. സർക്കാർ തലത്തിൽ 28,042 പേർ പരീക്ഷ എഴുതിയതിൽ 27,976 പേരും, എയ്ഡഡിൽ 43,463 പേർ എഴുതിയതിൽ 43,392, അൺ എയ്ഡഡിൽ 6,462 പേർ എഴുതിയതിൽ 6,459 പേരും ഉപരി പഠനത്തിന് അർഹത നേടി. 99.82 ശതമാനം വിജയവുമായി സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് മലപ്പുറം.
സീനിയർ ഫുട്ബാൾ: തൃശൂർ ചാമ്പ്യൻമാർ സെപ്റ്റംബർ 9
59-ാമത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപിൽ കണ്ണൂരിനെ 2-1ന് പരാജയപ്പെടുത്തി തൃശൂർ ചാമ്പ്യൻമാരായി. നാലാം തവണയാണ് തൃശൂർ കപ്പിൽ മുത്തമിടുന്നത്.
മരണവും സമരമാക്കി, റസാഖ് പയമ്പ്രോട്ടിന്റെ ജീവത്യാഗം
സ്വകാര്യ പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ജനകീയ വെല്ലുവിളിയായ പുളിക്കലിലെ സ്വകാര്യ കേന്ദ്രത്തിനെതിരായ പോരാട്ടത്തില്‍ മരണവും സമരമാണെന്ന് രേഖപ്പെടുത്തി ജീവത്യാഗം ചെയ്ത റസാഖ് പയമ്പ്രോട്ടിറെ വിയോഗം ജില്ലക്ക് ആഘാതമായി. മേയ് 26നാണ് പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയ വരാന്തയില്‍ റസാഖ് തൂങ്ങി മരിച്ചത്. പ്രശ്നത്തില്‍, ആദ്യം ഇടപെടുകയും സമര സമിതിക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന റസാഖിന്റെ സഹോദരന് അഹമ്മദ് ബഷീര്‍ മാര്‍ച്ച് 20ന് ആരോഗ്യ പ്രശ്നങ്ങളാല്‍ മരിച്ചിരുന്നു.
ഗായിക വിളയിൽ ഫസീല അന്തരിച്ചു ആഗസ്റ്റ് 12
മലപ്പുറം: വിളയിൽ ഫസീല പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു.63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു.
ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു ഡിസംബർ 15
മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ മഞ്ചേരി മാലാംകുളം തടപറമ്പ് പുത്തൻപറമ്പിൽ അലവിയുടെ മകൻ പി.പി.അബ്ദുൽ മജീദ് (50), യാത്രക്കാരായ മഞ്ചേരി പയ്യനാട് താമരശ്ശേരി കരിമ്പുള്ളകത്ത് വീട്ടിൽ ഹമീദിന്റെ ഭാര്യ മുഹ്സിന (35), സഹോദരി കരുവാരക്കുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീം (33), തസ്നിമിന്റെ മക്കളായ റൈഹ ഫാത്തിമ (നാല്), റിൻഷ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.
ഹയർ സെക്കൻഡറി ഫലം: ജില്ലക്ക് ‘വണ്ടർ ഫുൾ’ എ പ്ലസ് മേയ് 25
പ്ലസ് ടു പരീക്ഷയില്‍ സ്കൂൾ ഗോയിങ് വിഭാഗത്തിൽ ജില്ലയില്‍ 84.53 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.27 ശതമാനം വിജയത്തിൽ കുറവ് വന്നിട്ടുണ്ട്. 2022ൽ 86.80 ശതമാനമായിരുന്നു ജയം. ആകെ 243 സ്കൂളുകളിലായി സ്കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 60,380 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 51,039 കുട്ടികൾ ഉപരി പഠനത്തിന് അർഹരായി. ശതമാന കണക്കിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് ജില്ല. 4,897 കുട്ടികളാണ് മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയത് മലപ്പുറമാണ്.
വി.എച്ച്.എസ്.ഇയിൽ 81.90 ശതമാനം
ജില്ലയിൽ വി.എച്ച്.എസ്.ഇയിൽ 81.90 ശതമാനം വിജയം. 2,741 പേര് പരീക്ഷയെഴുതിയതില്‍ 2,245 പേര് വിജയിച്ചു. വി.എച്ച്.എസ്.എസ് ഗേള്‍സ് പെരിന്തല്‍മണ്ണ, പി.എം.എസ്.എ ചാപ്പനങ്ങാടി, ബി.വൈ.കെ വളവന്നൂര്‍ എന്നീ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. 2022ൽ 2,766 പേര് പരീക്ഷ എഴുതിയതില്‍ 2,279 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.
വേദനയായി മാമുക്കോയയുടെ മരണം ഏപ്രിൽ 26
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമൂക്കോയ മരണപ്പെട്ടു. ഏപ്രിൽ 24ന് വണ്ടൂരിൽ ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നവകേരള സദസ്സ് നവംബർ 27-30
മന്ത്രിസഭയുടെ മണ്ഡല പര്യടനം ‘നവകേരള സദസി’ന് ജില്ലയിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. യു.ഡി.എഫ് മണ്ഡലങ്ങളിലടക്കം വൻ ജനാവലി പരിപാടിക്കെത്തി. യു.ഡി.എഫിന്റെ കരിങ്കൊടി പ്രതിഷേധങ്ങൾക്കിടയിലാണ് ജില്ലയിലെ 16 മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നാലു ദിവസത്തെ പര്യാടനം പൂർത്തിയാക്കിയത്. നവകേരള സദസിൽ ജില്ലയിൽനിന്നും 80885 പരാതികളാണ് സർക്കാറിന് ലഭിച്ചത്.
വിൻസി അലോഷ്യസ് മികച്ച നടി
മലപ്പുറം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിയായി പൊന്നാനിക്കാരി വിൻസി അലോഷ്യസിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.