മാലിന്യം വാരി ഹരിതകർമസേന ഒരുമാസം നേടിയത് 2.36 കോടി
text_fieldsമലപ്പുറം: ‘മാലിന്യ മുക്ത കേരളം’ ലക്ഷ്യം കൈവരിക്കാൻ കുടുംബശ്രീ മിഷന്റെ ഹരിതകർമസേന പദ്ധതി വിജയ വഴിയിൽ. പദ്ധതിക്ക് മികച്ച സഹകരണമാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ളതെന്ന് ‘കണക്കുകൾ’ വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം ജില്ലയിലെ വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽനിന്നുമായി 2,36,35,466 രൂപ യൂസർഫീ ഇനത്തിൽ ഹരിത കർമ സേന പിരിച്ചെടുത്തിട്ടുണ്ട്. വീടുകളിൽനിന്നുമാത്രം 2,03,78,681 രൂപയും കടകളിൽ നിന്നായി 32,56,785 രൂപയുമാണ് യൂസർ ഫീ ലഭിച്ചത്. 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2576 ഹരിതകർമ സേനാംഗങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 9,66,000 രൂപയുടെ യൂസർഫീ ശേഖരിച്ച (97 ശതമാനം) പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയാണ് ജില്ലയിൽ ഏറ്റവും മുന്നിൽ.
2,86,845 രൂപയുടെ കലക്ഷനുമായി (92.34) വെട്ടത്തൂർ ഗ്രാമപഞ്ചായത്താണ് രണ്ടാമത്. മാലിന്യം ശേഖരിക്കാൻ എല്ലാ വീടുകളിലേക്കുമെത്തുന്ന രീതിയിലാണ് ഹരിത കർമസേന പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക്, അല്ലാത്തവ എന്നിവ തരം തിരിച്ച് പരമാവധി വരുമാനം ഉറപ്പാക്കാനും ഹരിതകർമസേന ശ്രമിക്കുന്നുണ്ട്. എല്ലാ വീടുകളിൽനിന്നും മാലിന്യശേഖരണം ഉറപ്പാക്കാൻ യൂസർ ഫീ നൽകാനും അയൽക്കൂട്ടങ്ങൾ വഴി ബോധവത്കരണവും പ്രചാരണവും നടത്തുന്നുണ്ട്.
കൂടുതൽ അംഗങ്ങളുള്ള മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും രണ്ടോ മൂന്നോ തൊഴിൽ ഗ്രൂപ്പുകളായാണ് പ്രവർത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത കർമസേന കൺസോർട്യങ്ങൾ നിലവിലുണ്ട്. ജില്ല തലത്തിൽ ‘മാവിക’ പേരിൽ കൺസോർട്യം രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും മാലിന്യ ശേഖരത്തിന് യൂസർഫീ ശേഖരിക്കുന്നത് നൂറു ശതമാനത്തിലെത്തിക്കാനും എല്ലാ വാർഡുകളിലും രണ്ടു വീതം ഹരിതകർമസേനാംഗങ്ങളെ കൊണ്ടുവരാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.