Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 6:15 AM GMT Updated On
date_range 23 Oct 2020 6:24 AM GMT26 ടൂറിസം പദ്ധതികൾക്ക് തുടക്കം; സഞ്ചാരികളുടെ പറുദീസയാകാൻ കേരളം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. നാടും, രാജ്യവും, ലോകവും കോവിഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിമൂലം ടൂറിസം മേഖലക്ക് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കോവിഡിന് ശേഷം ടൂറിസം മേഖലക്ക് കുതിപ്പേകാൻ പര്യാപ്തമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
ശ്രദ്ധേയ ഹിൽസ്റ്റേഷനായ പൊൻമുടിയിൽ എത്തുന്ന സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യ വികസനം നടത്തിയ പദ്ധതിയിൽ കുട്ടികൾക്ക് കളിക്കളം, ലാൻഡ് സ്കേപിങ്, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം മലമേൽപാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പിൽനിന്ന് 700 അടി ഉയരത്തിലുള്ള മനോഹരമായ പാറക്കെട്ടുകളിൽ ഒരുക്കിയ പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും വികസനപ്രവർത്തനങ്ങൾ നടപ്പാക്കി.
ബഹുമുഖ പ്രതിഭയായ സരസകവി മൂലൂർ എസ്. പദ്മനാഭപ്പണിക്കരുടെ ഓർമകൾ മായാതെ നിൽക്കുന്ന പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂർ സ്മാരകത്തിൻെറ സൗന്ദര്യവത്കരണത്തിനായി ടൂറിസം വകുപ്പ് 49 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പാലാ നഗരത്തിൽ പാരീസിലെ 'ലവ്റെ' മ്യൂസിയത്തിൻെറ മാതൃകയിൽ നിർമിക്കുന്ന ഗ്രീൻ ടൂറിസം കോംപ്ലക്സും ഉദ്ഘാടനം ചെയ്യുകയാണ്.
ഇടുക്കി അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സൻെറർ എന്നിവയും പ്രവർത്തനം തുടങ്ങുന്നു. പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ ഫിനിഷിങ് പോയൻറിലേക്കുള്ള പാത് വേയും, ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ഡാമിൻെറ ഭാഗമായ വിനോദ സഞ്ചാര കേന്ദ്രം, തൃശൂർ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കൽ ഗാർഡനും കൂടുതൽ മനോഹരമാക്കുന്നതിനുള്ള പദ്ധതികളും നടപ്പായി. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ സർക്യൂട്ടിൽ ഉൾപ്പെടുന്ന തുമ്പൂർമൂഴി പദ്ധതി പ്രദേശത്തിൻെറ ടൂറിസം സാധ്യത വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും നവീകരിച്ചു. മലപ്പുറം കോട്ടക്കുന്നിൽ മിറക്കിൾ ഗാർഡനടക്കം ഒരുക്കി. ചമ്രവട്ടത്തെ പുഴയോരം സ്നേഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂർത്തിയായി. വടകര അഴിമുഖ കടൽത്തീരത്ത് ടൂറിസം വകുപ്പിൻെറ ഗ്രീൻ കാർപറ്റ് പദ്ധതിയുടെ ഭാഗമായ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിച്ചു.
കണ്ണൂരിലെ കക്കാട് സ്ഥിതി ചെയ്യുന്ന പാലക്കാട് സ്വാമി മഠം പാർക്കിൻെറ വികസനത്തിനായുള്ള പദ്ധതിയും, ചൊക്ലി ബണ്ട് റോഡിൻെറ സൗന്ദര്യവത്കരണ പദ്ധതിയും പൂർത്തിയായി. സർക്കാറിൻെറ അഭിമാന പദ്ധതിയായ മലനാട്-നോർത്ത് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശനിക്കടവ് ബോട്ട് ടെർമിനലും, പഴയങ്ങാടി ബോട്ട് ടെർമിനലും തുടങ്ങുകയാണ്. വയനാട്ടിലെ ചീങ്ങേരി മല റോക്ക് അഡ്വഞ്ചർ ടൂറിസം പദ്ധതി സഞ്ചാരികളെ ആകർഷിക്കും. ബേക്കൽ കോട്ട സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും സ്വാഗതമേകുന്ന കമാനവും പാതയോര സൗന്ദര്യവത്കരണ പദ്ധതിയും ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story