ജനവാസമേഖലയിലെ മാലിന്യസംഭരണകേന്ദ്രം ഹരിതകര്‍മസേന വാഹനം തടഞ്ഞ 29 പേര് അറസ്റ്റില്‍
text_fieldsതേഞ്ഞിപ്പലം: മാലിന്യസംഭരണ- സംസ്കരണ കേന്ദ്രം തുടങ്ങാനുള്ള തേഞ്ഞിപ്പലം പഞ്ചായത്ത് തീരുമാനത്തിനെതിരെ കാരിമഠത്തില് ജനകീയ സമരസമിതി നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. ഭിന്നശേഷിക്കാരനായ യുവാവിനെ ഉള്‍പ്പടെ 29 പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. ആദ്യഘട്ടത്തില്‍ 24 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിന് ശേഷവും സമരത്തിനെത്തിയ അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് മാറ്റി. തേഞ്ഞിപ്പലം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ദേവതിയാല്‍ കാരിമഠത്തില് പ്രദേശത്ത് ചൊവ്വാഴ്ച പകല്‍ 11 ഓടെയാണ് പ്രദേശവാസികള്‍ ഉപരോധസമരം തുടങ്ങിയത്. മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിലേക്ക് ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം കൊണ്ടുവന്ന വാഹനം ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗം ജാഫര്‍ സിദ്ധീഖിന്റെ നേതൃത്വത്തിലായിരുന്നു വനിതകള്‍ ഉള്‍പ്പെടെ പങ്കെടുത്ത സമരം. എഴാം വാര്‍ഡില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക, പട്ടികജാതി വ്യവസായ കേന്ദ്രത്തിന് അനുവദിച്ച സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതും സംസ്കരണം ആരംഭിക്കുന്നതും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
തേഞ്ഞിപ്പലം സി.ഐ ഒ.കെ പ്രദീപിന്റെ നേതൃത്വത്തില്‍ മലപ്പുറം എ.ആര് ക്യാമ്പിലെ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. സ്ത്രീകള്‍ അടക്കം പ്രദേശത്തെ 300ഓളം ആളുകളാണ് ഉപരോധത്തിനെത്തിയത്. എന്നാല്‍, സ്ത്രീകളെ അറസ്റ്റ് ചെയ്തില്ല. വീടുകളും ക്ഷേത്രവും ഉള്ളത് കണക്കിലെടുക്കാതെ മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാന്‍ പഞ്ചായത്ത് തീരുമാനിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.