കണ്ണീർപാകി കർഷകർ; മൂന്നാഴ്ചക്കിടെ 33 കോടിയുടെ കൃഷിനാശം
text_fieldsമലപ്പുറം: പാടങ്ങളിൽ പ്രതീക്ഷയുടെ കൊയ്ത്തിനായി കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയായി വ്യാപക വിളനാശം. പ്രതീക്ഷക്കപ്പുറം പെയ്തിറങ്ങിയ മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിലെ കർഷകർക്ക് 33.68 കോടിയുടെ കൃഷിനാശമാണുണ്ടായത്. കാർഷിക വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ജില്ലയിൽ 6907 ഹെക്ടർ കൃഷിയാണ് മൂന്നാഴ്ചക്കിടെ നശിച്ചത് (ജൂലൈ ഒന്നു മുതൽ 21 വരെ). കൂടുതൽ നാശനഷ്ടം സംഭവിച്ചത് വാഴ കർഷകർക്കാണ്. 2,79,154 കുലച്ച വാഴകളും 1,28,613 കുലക്കാത്ത വാഴകളും മഴയിൽ വെള്ളം കയറി നശിച്ചു.
4923 കർഷകരുടേതായി 21.88 കോടിയുടെ വാഴകൃഷിയാണ് നശിച്ചത്. 6.94 കോടിയുടെ ചക്കയും 86 ലക്ഷത്തിന്‍റെ തെങ്ങിൻതൈകളും 17.42 ലക്ഷത്തിന്‍റെ റബർ, 14.94 ലക്ഷത്തിന്‍റെ അടക്ക, 18.01 ലക്ഷത്തിന്‍റെ കുരുമുളക്, 12.61 ലക്ഷത്തിന്‍റെ വെറ്റില, 23.91 ലക്ഷത്തിന്‍റെ പച്ചക്കറി എന്നിങ്ങനെയാണ് നാശനഷ്ടം കണക്കാക്കിയത്. ജാതിക്ക, ഇഞ്ചി, മഞ്ഞൾ, കപ്പ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവയും മഴക്കെടുതിയിൽ നശിച്ചിട്ടുണ്ട്.
കൂടുതൽ നഷ്ടം കൊണ്ടോട്ടി ബ്ലോക്കിൽ
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. ബ്ലോക്കിലെ പഞ്ചായത്തുകളിൽ ആകെ 9.66 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്. പെരുമ്പടപ്പ് ബ്ലോക്കിൽ 6.95 കോടിയുടെയും പരപ്പനങ്ങാടി ബ്ലോക്കിൽ നാല് കോടിയുടെയും നിലമ്പൂർ ബ്ലോക്കിൽ 3.19 കോടിയുടെയും കൃഷി നശിച്ചു. ഏറ്റവും കുറവ് തിരൂർ ബ്ലോക്കിലാണ്. ഇവിടെ മൂന്ന് ലക്ഷത്തിന്‍റെ കൃഷിനാശമാണ് രേഖപ്പെടുത്തിയത്.
വാഴക്കാട്, വാഴയൂർ, ചീക്കോട് തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷി നശിച്ചത്. നെൽകൃഷി നാശം പെരുമ്പടപ്പ് ബ്ലോക്കിനു കീഴിലാണ് കൂടുതലും ഉണ്ടായത്. വിളവെടുപ്പിന് ഒരുങ്ങുന്നതിന് മുമ്പുതന്നെ കൃഷി വെള്ളത്തിനടിയിലായത് കർഷകർക്ക് വലിയ തിരിച്ചടിയായി. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തുമെല്ലാം ആരംഭിച്ച കൃഷിയാണ് പലയിടത്തും വെള്ളത്തിലായത്.
കർഷകർ ഇൻഷുറൻസ് പദ്ധയിൽ അംഗമാകണം -ജില്ല കൃഷി ഓഫിസർ
തുടർച്ചയായി പ്രകൃതിക്ഷോഭങ്ങളുടെ സാഹചര്യത്തിൽ എല്ലാ കർഷകരും വിളകൾ ഇൻഷൂർ ചെയ്യണമെന്ന് ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ സൈഫുന്നീസ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക കൃഷിനാശമാണുണ്ടായത്.
വാഴ കർഷകർക്കാണ് കൂടുതൽ കൃഷിനാശം സംഭവിച്ചത്. കൃഷി വകുപ്പിന് കീഴിൽ വിവിധ ക്യാമ്പുകൾ നടത്തി കൂടുതൽ കർഷകരെ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തിയിട്ടുണ്ട്. ബാക്കിയുള്ള കർഷകർ കൂടി പദ്ധതിയിൽ ചേർന്ന് ഗുണഭോക്താക്കളാകണമെന്നും കൃഷി ഓഫിസർ പറഞ്ഞു.
വിള, കൃഷിനാശം (ഹെക്ടർ), നഷ്ടം (ലക്ഷത്തിൽ)
വാഴ- 6711, 2188
ചക്ക- 1.6, 694
തെങ്ങിൻതൈ - 20.48, 86
റബർ- 2.44, 17.42
അടക്ക-20.66, 14.94
കുരുമുളക്- 4.46, 18.01
കപ്പ- 46.36, 6.03
ജാതിക്ക- 3.66, 5.18
പച്ചക്കറി- 57, 23.91
നെൽകൃഷി- 7.98, 12
വെറ്റില- 5.04, 12.61
കശുവണ്ടി- 2.80, 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.