കലക്ടറേറ്റിലെ 33 കെ.വി സബ് സ്റ്റേഷൻ; സ്ഥലം വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമായില്ല
text_fieldsമലപ്പുറം: കെ.എസ്.ഇ.ബി കലക്ടറേറ്റിൽ അനുവദിച്ച 33 കെ.വി സബ് സ്റ്റേഷന് സ്ഥലം വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനം നീളുന്നു. കുറഞ്ഞ നിരക്കിൽ ഭൂമി വിട്ട് നൽകുന്നതിന് ലാന്റ് റവന്യൂ കമീഷണറുടെ അനുമതി ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം. സിവിൽ സ്റ്റേഷനിലെ ശാന്തിതീരം പാർക്കിന് എതിർവശത്തെ ട്രാൻസ്പോർമറിന് സമീപം 10 സെന്റ് സ്ഥലമാണ് പദ്ധതിക്കായി അധികൃതർ കണ്ടെത്തിയത്. താലൂക്ക് സർവേ വിഭാഗം അളന്ന് തിട്ടപ്പെടുത്തി നൽകിയ ഭൂമി വിട്ട് നൽകാൻ ഉയർന്ന നിരക്ക് കെട്ടിവെക്കണമെന്ന് റവന്യു വിഭാഗം ചൂണ്ടിക്കാട്ടിയതോടെയാണ് പദ്ധതിയിൽ അനിശ്ചിതത്വം തുടങ്ങിയത്. 10 സെന്റിന് വലിയ നിരക്ക് നൽകാൻ കഴിയില്ലെന്നും ഇളവ് അനുവദിക്കണമെന്നും കാണിച്ച് കെ.എസ്.ഇ.ബി ലാന്റ് റവന്യു കമീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഈ കത്തിൽ അനുകൂല നടപടിയുണ്ടായാൽ മാത്രമേ സ്ഥലം കെ.എസ്.ഇ.ബി ലഭിക്കു. വിഷയത്തിൽ കെ.എസ്.ഇ.ബിയുടെ ആവശ്യം പരിഗണിക്കണമെന്ന് കാണിച്ച് ജില്ല കലക്ടറും ലാന്റ് റവന്യു കമീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2016ലാണ് സിവിൽ സ്റ്റേഷനിൽ 33 കെ.വി സബ് സ്റ്റേഷന് അനുമതി കിട്ടിയത്. പിന്നീട് വിവിധ കാരണങ്ങളാൽ പദ്ധതി നീണ്ടു.
ഭൂമി അനുവദിച്ച് ലാന്റ് റവന്യു കമീഷണറുടെ ഉത്തരവ് ലഭിച്ചാൽ കണ്ടെയ്നർ മാതൃകയിലാണ് സബ് സ്റ്റേഷൻ നിർമിക്കുക. മുണ്ടുപറമ്പ് സബ് സ്റ്റേഷനിലെ ഫീഡറിൽ നിന്നാണ് മലപ്പുറം നഗരത്തിലേക്ക് വൈദ്യുതി വിതരണം നടക്കുന്നത്. കലക്ടറേറ്റിലെ വിവിധ സർക്കാർ ഓഫീസുകൾ, എസ്.പി ഓഫിസ്, എം.എസ്.പി ക്യാമ്പ് അടക്കം ഈ ഫീഡറിൽ നിന്നാണ് വൈദ്യുതി എത്തുന്നത്. ഈ ഫീഡറിൽ ഏതെങ്കിലും ഭാഗത്ത് തകരാർ സംഭവിച്ചാലും ഈ ഭാഗങ്ങളെല്ലാം വൈദ്യുതി നിലക്കും. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പദ്ധതിക്കാകും. 33 കെ.വി സബ് സ്റ്റേഷന് 30 സെ ന്റ് സ്ഥലം ലഭിച്ചാൽ മികച്ച വിന്യാസത്തോടെ പദ്ധതി നടപ്പിലാക്കാനാകും. നിലവിൽ 10 സെന്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പരിമിതിക്കുള്ളിൽ നിന്നാകും പദ്ധതി നടപ്പിലാക്കുക. കാരത്തോട് ഇൻകെൽ വ്യവസായ പാർക്കിലും 33 കെ.വി സബ് സ്റ്റേഷൻ നിർമിക്കുന്നുണ്ട്. ഇത് പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് ഗുണകരമാകും. നിലവിൽ വ്യവസായ പാർക്കിൽ വോൾട്ടേജ് ക്ഷാമമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.