ജില്ല പൈതൃക മ്യൂസിയത്തിന് 3.88 കോടിയുടെ ഭരണാനുമതി
text_fieldsതിരൂരങ്ങാടി: ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ല പൈതൃക മ്യൂസിയം സജ്ജമാക്കാൻ 3.88 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി രൂപരേഖക്ക് (ഡി.പി.ആര്) സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി തുറമുഖം - മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കും.
മ്യൂസിയം സ്ഥാപിക്കാനായി കണ്ടെത്തിയത് തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി മന്ദിരമായിരുന്നു. എന്നാല്‍ കെട്ടിടത്തില്‍ താലൂക്ക് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ തുടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മിനി സിവില്‍ സ്റ്റേഷന് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി താലൂക്ക് ഓഫിസ് ഇതിലേക്ക് മാറിയതോടെ ഹജൂര്‍ കച്ചേരി സംരക്ഷണവും ജില്ല പൈതൃക മ്യൂസിയവും എന്ന ആശയം വീണ്ടും സജീവമായി. തുടര്‍ന്നാണ് സംരക്ഷിത സ്മാരകമായ ഹജൂര്‍ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവര്‍ത്തനത്തിന് 58 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയതും നിർമാണം പൂർത്തിയാക്കിയതും. പ്രദര്‍ശന വസ്തുക്കള്‍ക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തില്‍ ഒരുക്കും.
സംസ്ഥാനത്തെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിശദ പദ്ധതി രൂപരേഖ തയാറാക്കിയത്. മ്യൂസിയം നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.