ആരോഗ്യം ഇനി നല്ലതാവും
text_fieldsമലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിന് 39.775 കോടി രൂപ അനുവദിച്ചു. പുതിയ കെട്ടിടം നിർമിക്കാനാണ് 15ാം ധനകാര്യ കമീഷന് ഗ്രാന്റ് പ്രകാരം തുക അനുവദിച്ചത്. 51 ആരോഗ്യ ഉപകേന്ദ്രങ്ങള്‍, നാല് കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ഒരു സി.എച്ച്.സി തുടങ്ങിയവക്ക് ഫണ്ടുപയോഗിച്ച് കെട്ടിടം നിർമിക്കും. 51 ആരോഗ്യ ഉപകേന്ദ്രങ്ങള്ക്കായി 28.305 കോടി രൂപയാണ് അനുവദിച്ചത്.
ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണത്തിന് 1.43 കോടി രൂപ പ്രകാരം നാല് കേന്ദ്രങ്ങളുടെ നിര്‍മാണത്തിനായി 5.72 കോടി രൂപയും അനുവദിച്ചു. സി.എച്ച്.സിയുടെ നിര്‍മാണത്തിനായി 5.75 കോടി രൂപയും അനുവദിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായി 2022-2023 ലെ ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും ഓരോ ആരോഗ്യ ഉപകേന്ദ്രത്തിനും 27.5 ലക്ഷം രൂപയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനായി 35.75 ലക്ഷം രൂപയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി 1.15 കോടി രൂപയും അനുവദിച്ചു. അതത് തദ്ദേശസ്ഥാപനങ്ങൾക്കാണ് ഈ തുക അനുവദിച്ചത്. ഈ തുക കെട്ടിട നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ആദ്യ ഗഡുവായി പരിഗണിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതിക്ക് രൂപം നല്കി കെട്ടിട നിര്‍മാണം ആരംഭിക്കും.
സി.എച്ച്.സി കെട്ടിടത്തിനായി അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ എടവണ്ണ സി.എച്ച്.സിയാണ് തെരഞ്ഞെടുത്തത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനായി എ.ആര് നഗര്‍, വെട്ടത്തൂര്‍, കീഴുപറമ്പ്, മക്കരപറമ്പ് കുടുംബാരോഗ്യകേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.