ധനവകുപ്പിന്റെ ചതി; മലപ്പുറം ജില്ല പഞ്ചായത്തിന് 45 കോടി നഷ്ടം
text_fieldsമലപ്പുറം: മാസങ്ങൾക്കു മുമ്പ് ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിട്ടും ധനകാര്യവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം കാരണം 45 കോടിയോളം രൂപ ജില്ല പഞ്ചായത്തിന് നഷ്ടമായി. അത്രയും തുക 2024-25 സാമ്പത്തിക വർഷത്തേക്ക് ലഭിക്കുന്ന തുകയിൽനിന്ന് എടുത്തുകൊള്ളാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാസങ്ങൾക്കുമുമ്പ് തന്നെ ട്രഷറിയിൽ ബില്ലുകൾ സമർപ്പിച്ചിരുന്നെങ്കിലും അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബില്ലുകളൊന്നും നൽകേണ്ടതില്ല എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം നൽകാതെ മാറ്റിവെച്ചവയായിരുന്നു ഇത്രയും വലിയ തുകക്കുള്ള ബില്ലുകൾ.
2023-24 ൽ നിർവഹണം പൂർത്തിയാക്കിയ പദ്ധതികളുടെ തുകയാണിതൊക്കെയും. ഫലത്തിൽ ജില്ല പഞ്ചായത്തിന് 2024-25ൽ 45 കോടി രൂപയുടെ പുതിയ പദ്ധതികൾ നഷ്ടമാവും. ഗുരുതരമായ വികസന പ്രതിസന്ധിയാണ് ഇത് മൂലം രൂപപ്പെടുക. മാർച്ച് 31ന് അവസാന നിമിഷം നൽകുന്ന ബില്ലുകൾ പോലും ക്യൂ ബില്ലുകളുടെ പട്ടികയിൽപ്പെടുത്തി തൊട്ടടുത്ത സാമ്പത്തിക വർഷം പണം അനുവദിച്ചു നൽകുന്നതാണ് മുൻകാലങ്ങളിലെല്ലാം സർക്കാർ അനുവർത്തിച്ചിരുന്ന രീതി. ട്രഷറി നിയന്ത്രണം കാരണം പാസാക്കി നൽകാത്ത ബില്ലുകളുടെ തുക അടുത്ത വർഷത്തേക്ക് അനുവദിക്കുന്ന ഫണ്ടിൽനിന്ന് എടുത്തുകൊള്ളാൻ നിർദേശിക്കുന്നത് ആദ്യത്തെ അനുഭവമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും എല്ലാം ഇതേ രീതിയിലുള്ള ഉത്തരവുകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.