നിയമലംഘനം പിടിക്കാൻ ജില്ലയിൽ 49 ഇടത്ത് കാമറ
text_fieldsമലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നിർമിത ബുദ്ധി കാമറകൾ (എ.ഐ) വ്യാഴാഴ്ച മിഴിതുറക്കുന്നതോടെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ പിഴ. നിലവിൽ ദേശീയ, സംസ്ഥാന പാതകളിലായി സ്ഥാപിച്ച 240 കാമറകൾക്ക് പുറമെയാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഓട്ടോമാറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗനീഷ്യനോട് കൂടിയ കാമറകൾ ഒരുങ്ങിയത്. 2021ലാണ് കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ വർഷം തന്നെ പൂർത്തിയായെങ്കിലും സർക്കാർ അനുമതി നീളുകയായിരുന്നു.
ജില്ലയിൽ ദേശീയ, സംസ്ഥാന പാതകളിലായി 49 ഇടങ്ങളിലാണ് കാമറകളുള്ളത്. കൂടുതൽ നിയമലംഘനങ്ങളുള്ള ഇടങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേരെ വെച്ച് യാത്ര ചെയ്യുക, ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനം ഓടിക്കുക, അമിതവേഗത, ലൈൻ മറികടന്നുള്ള ഡ്രൈവിങ്, മൊബൈൽ ഫോണിൽ സംസാരിച്ചുള്ള ഡ്രൈവിങ് തുടങ്ങിവയയെല്ലാം കാമറയിൽ കുടുങ്ങും. കാമറയിൽ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങൾ എൻഫോഴ്സ്മെൻറ് വിഭാഗത്തിന്റെ സംസ്ഥാന കൺട്രോൾ റൂമിലേക്കാണ് അയക്കുക. തുടർന്ന്, അതാത് ജില്ലാതലത്തിൽ തയാറാക്കിയ കൺട്രോൾ റൂമുകളിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പിന്നീട് അതാത് വ്യക്തികൾക്ക് ജില്ല കൺട്രോൾ റൂമിൽ നിന്നാണ് പിഴ അടക്കുന്നതിനായി നോട്ടിസ് അയക്കുക. പിഴ അടച്ചില്ലെങ്കിൽ ഇ-കോടതിയിലേക്കും തുടർന്ന് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്കും നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.