മലപ്പുറം ജില്ലയിൽ വില്ലേജ് തലങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്നത് 55 തസ്തികകൾ
text_fieldsമലപ്പുറം: ജില്ലയിൽ റവന്യൂ വകുപ്പിന് കീഴിൽ വില്ലേജ് തലങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്നത് 55 തസ്തികകൾ. വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റന്റ്, സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഇത്രയും ഒഴിവ്. അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ.ഡി.എം) നൽകിയ റിപ്പോർട്ട് പ്രകാരമാണീ കണക്ക്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (വി.എഫ്.എ) തസ്തികകളിലാണ് കൂടുതൽ ഒഴിവ് -42.
ഒരുവർഷമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാലാണ് ഇപ്രകാരം ഒഴിവ് വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം താൽക്കാലികമായി പരിഹരിക്കാൻ ആറ് മാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 30 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്താനാണ് അധികൃതരുടെ ആലോചന.
ഇതിന് നടപടി പൂർത്തിയാക്കി നിയമനം വേഗത്തിലാക്കുമെന്നും റിപ്പോർട്ടിലുണ്ട്. ജില്ല റവന്യു ഭരണ വിഭാഗത്തിൽ 276 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളാണ് ആകെയുള്ളത്. എട്ട് വില്ലേജ് അസിസ്റ്റന്റ് ഒഴിവുണ്ട്.
ഇതിൽ മൂന്ന് തസ്തികകൾ ആശ്രിത നിയമനം വഴിയും ബാക്കി അന്തർ വകുപ്പ്, അന്തർ ജില്ല സ്ഥലംമാറ്റം വഴിയും നടപ്പാക്കും. ഇതിന് ലാൻഡ് റവന്യു കമീഷണർ അനുമതി നൽകണമെന്നും റിപ്പോർട്ട് പറയുന്നു.
നാല് സ്പെഷൽ വില്ലേജ് ഓഫിസർ ഒഴിവുകളാണുള്ളത്. ഇതിനും ലാൻഡ് റവന്യൂ കമീഷണറുടെ അനുമതിയോടെ ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ് സിസ്റ്റം (എച്ച്.ആർ.എം.എസ്) വഴി നടപ്പാക്കാനാണ് തീരുമാനം. ജില്ല റവന്യൂ ഭരണ വിഭാഗത്തിൽ 138 വില്ലേജുകളാണ് ആകെയുള്ളത്. 137 വില്ലേജുകളിലും വില്ലേജ് ഓഫിസർമാരുണ്ട്.
വട്ടംകുളം വില്ലേജ് ഓഫിസർ തസ്തിക മാത്രമാണ് ഒഴിവ്. 2022 സെപ്റ്റംബർ 18ലെ ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവ് പ്രകാരം സ്ഥലം മാറിയതോടെയാണ് തസ്തികയിൽ ഒഴിവ് വന്നത്. ഇവിടെ ജോലി ക്രമീകരണ വ്യവസ്ഥയിൽ ഓഫിസറെ നിയമിക്കാൻ നടപടിയെടുക്കുമെന്ന് അധികൃതർ പറയുന്നു. വില്ലേജ് ഓഫിസുകളിലെ ജീവനക്കാരുടെ കുറവ് ഓഫിസ് പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.