ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചത് 58.36 ശതമാനം പേർ
text_fieldsമലപ്പുറം: ജില്ലയില്‍ ഇതുവരെ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചത് 58.36 വോട്ടർമാർ. ഈ മാസം അവസാനത്തോടെ ഇത് 90 ശതമാനത്തിലേക്കെത്തിക്കാന്‍ തീവ്രശ്രമം നടത്താനാണ് ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ലളിതമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ സാധിക്കുമെന്ന കാര്യം ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളെ ബോധവത്കരിക്കണമെന്ന നിർദേശം ജില്ല ഭരണകൂടം നൽകിയിട്ടുണ്ട്.
ആധാര്‍ വോട്ടര്‍ പട്ടിക ലിങ്ക് ചെയ്യലുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ രാഷ്ട്രീയ യോഗങ്ങളിലൂടെയും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളിലൂടെയും ബോധവത്കരണം നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതേസമയം, പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും നിർദേശങ്ങളും സമര്‍പ്പിക്കാന്‍ ഈ മാസം എട്ട് വരെയാണ് അവസരം. ലഭിച്ച പരാതികള്‍ ഈ മാസം 26ന് മുമ്പ് തീര്‍പ്പാക്കി അടുത്ത ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കായാണ് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക തയാറാക്കുന്നത്. നിലവില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നതോടെ വോട്ടര്‍മാരായി മാറും. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ യോഗ്യരായ എല്ലാവർക്കും 2022 ഡിസംബർ എട്ട് വരെ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.