ആധാരത്തിൽ വില കുറച്ച് കാണിക്കൽ: മലപ്പുറത്ത് പിരിഞ്ഞു കിട്ടാനുള്ളത് 69.33 കോടി
text_fieldsമലപ്പുറം: ജില്ലയിൽ ആധാരങ്ങളുടെ അണ്ടർവാല്വേഷൻ നടപടികളിലൂടെ പിരിഞ്ഞുകിട്ടാനുള്ളത് 69,33,81,847 രൂപ. 1986 ജനുവരി ഒന്നുമുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ ഉൾപ്പെടെയുള്ളവയുടെ കണക്ക് പ്രകാരമാണിത്. ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫിസുകളിലായി 27,201 ആധാരങ്ങളാണ് വില കുറച്ച് കാണിച്ചതുമൂലം അണ്ടർ വാല്വേഷൻ നടപടി നേരിടുന്നത്. മാർച്ച് 31 വരെ സബ് രജിസ്ട്രാർ ഓഫിസുകളിൽ പദ്ധതിപ്രകാരം അടവാക്കേണ്ട രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കുകയും മുദ്രവിലയുടെ 70 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. നടപടി നേരിടുന്നവർ 31ന് മുമ്പ് രജിസ്ട്രാർ ഓഫിസുകളിലെത്തി തുക അടക്കണം. അല്ലാത്തപക്ഷം ഏപ്രിൽ ആദ്യവാരം റവന്യൂ റിക്കവറി നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു.
മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിലാണ് ഏറ്റവും കൂടുതൽ അണ്ടർവാല്വേഷൻ ആധാരങ്ങളുള്ളത്, 3113. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് 2560 ആധാരങ്ങളും മൂന്നാമതുള്ള മേലാറ്റൂരിൽ 1839 ആധാരങ്ങളും അണ്ടർവാല്വേഷൻ നടപടി നേരിടുന്നു. തേഞ്ഞിപ്പലം 1786, പെരിന്തൽമണ്ണ 1479, നിലമ്പൂർ 1450, താനൂർ 1473, പൊന്നാനി 1432, അരീക്കോട് 1286, വണ്ടൂർ 1252, കുറ്റിപ്പുറം 1053, കൊണ്ടോട്ടി 1035, തിരൂർ 1018, തിരൂരങ്ങാടി 863, മക്കരപ്പറമ്പ് 815, കോട്ടക്കൽ 802, എടപ്പാൾ 788, മോങ്ങം 661, എടക്കര 653, പരപ്പനങ്ങാടി 494, കൊടക്കൽ 480, കൽപകഞ്ചേരി 442, മൂർക്കനാട് 378, വാഴക്കാട് 40, വേങ്ങര എട്ട്, കരുവാരകുണ്ട് ഒന്ന് എന്നിങ്ങനെയാണ് കണക്ക്. എടവണ്ണ സബ് രജിസ്ട്രാർ ഓഫിസ് പരിധിയിൽ ഒറ്റ ആധാരം പോലും നടപടി നേരിടുന്നില്ലെന്ന് ജില്ല രജിസ്ട്രേഷൻ വകുപ്പിന്റെ കണക്ക് പറയുന്നു.
നിലവിൽ ആധാരം അണ്ടർ വാല്വേഷൻ നടപടിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ https://pearl.registration.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0483 - 2734883 നമ്പറിൽ വിളിക്കാം. നടപടി നേരിടുന്നുണ്ടെങ്കിൽ മാർച്ചിൽ തന്നെ നടപടി പൂർത്തിയാകാൻ ജനം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.