ചേളാരി ഐ.ഒ.സിക്ക് ചുറ്റും 90 നിരീക്ഷണ കാമറ; തെരുവുവിളക്കുകളും സ്ഥാപിക്കും
text_fieldsതേഞ്ഞിപ്പലം: ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷന് പ്ലാന്റ് പരിസരങ്ങളില്‍ 90 നിരീക്ഷണ കാമറ സ്ഥാപിക്കാന്‍ തീരുമാനം. തെരുവുവിളക്കുകളും സ്ഥാപിക്കും. കാലപ്പഴമുള്ള ചുറ്റുമതില്‍ പൊളിച്ച് പുതിയ മതില് കെട്ടുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നിരീക്ഷണ കാമറകളും തെരുവുവിളക്കുകളും സ്ഥാപിക്കാനാണ് തീരുമാനം. ഐ.ഒ.സിയുടെ െചലവിലാണ് ഇവ യാഥാർഥ്യമാക്കുക. പ്ലാന്റിലും പരിസരങ്ങളിലും വേണ്ടത്ര സുരക്ഷയില്ലെന്ന് പി. അബ്ദുൽ ഹമീദ് എം.എല്‍.എ ജില്ല വികസന സമിതിയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ മീരയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഐ.ഒ.സി പ്ലാന്റും പരിസരവും സന്ദര്‍ശിച്ചിരുന്നു.
കാലപ്പഴക്കമുള്ള ചുറ്റുമതില്‍ പൊതുജനങ്ങള്‍ക്ക് അപകട ഭീഷണിയായതും പ്ലാന്റി്ന് ചുറ്റും മാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നതും പ്ലാന്റിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം പരന്നൊഴുകുന്നതും തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അടക്കമുള്ളവര്‍ ജില്ലതല ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നാണ് സി.സി ടി.വികളും തെരുവുവിളക്കുകളും സ്ഥാപിക്കാനും ചുറ്റുമതില്‍ എത്രയും വേഗം പൊളിച്ചുപണിയാനും തീരുമാനമായത്. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡ്ഡി, തേഞ്ഞിപ്പലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സുലൈമാന്‍, പിയൂഷ് അണ്ടിശ്ശേരി, വാര്‍ഡ് അംഗങ്ങളായ ഹഫ്സത്ത് റസാഖ്, എ.പി. മുജീബ്, തഹസില്‍ദാര്‍ പി.എ. സാദിഖ്, ഐ.ഒ.സി പ്ലാന്റ് മാനേജര്‍ ജയശങ്കര്‍, അസി. മാനേജര്‍ ആനന്ദ്, സേഫ്റ്റി ഓഫിസര്‍ ആദിത്യ, വിഷ്ണുദാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.