കാറ്റിൽ 110 കെ.വി വൈദ്യുതി ടവർ നിലംപതിച്ചു
text_fieldsചങ്ങരംകുളം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും 110 കെ.വി ലൈനിന്റെ ടവർ നിലംപൊത്തിയതിനെ തുടർന്ന് തൃശൂർ ജില്ലയുടെ വടക്കൻ മേഖലയിലും മലപ്പുറം ജില്ലയുടെ തെക്കൻ മേഖലയിലും വിവിധ ഭാഗങ്ങളിൽ വൈദ്യുതി പൂർണമായി മുടങ്ങി.
ചൊവ്വാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിലാണ് അപകടമുണ്ടായത്. കുന്നംകുളത്തുനിന്ന് പുന്നയൂർ കുളം സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെ.വിയുടെ രണ്ടു ലൈനുകൾ താങ്ങിനിർത്തുന്ന ചമ്മനൂർ വടക്കെ കുന്ന് കുണ്ടൻകോളിൽ സ്ഥിതി ചെയ്യുന്ന ഹൈ ടെൻഷൻ ടവറാണ് വീണത്.
ഇതോടെ മലപ്പുറം ജില്ലയിലെ ആലങ്കോട്, നന്നംമുക്ക്, വെളിയങ്കോട്, പെരുമ്പടപ്പ്, തൃശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കെകാട് പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം പൂർണമായി നിലക്കുകയായിരുന്നു. ടവർ ഉയർത്താൻ സമയമെടുക്കുന്നതിനാലും അറ്റകുറ്റ പണികൾ വൈകുന്നതിനാലും ഈ പ്രദേശങ്ങളിലേക്ക് ഗുരുവായൂർ, പൊന്നാനി, എടപ്പാൾ സബ് സ്റ്റേഷനുകളിൽനിന്ന് ഭാഗികമായി വൈദ്യുതി വിതരണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.