കായിക മഹോത്സവത്തിന് ഉജ്ജ്വല തുടക്കം
text_fieldsമലപ്പുറം: കായിക രംഗത്തെ മികച്ച മുന്നേറ്റം ലക്ഷ്യമാക്കി ജില്ല സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന മലപ്പുറം കായിക മഹോത്സവത്തിന് ഉജ്ജ്വല തുടക്കം. പരിപാടിയുടെ വിളംബരം കുറിച്ച് മലപ്പുറം നഗരത്തിൽ നടത്തിയ ഘോഷയാത്ര വർണാഭമായി.
വൈകീട്ട് അഞ്ചിന് ജില്ലാ കലക്ടറുടെ വസതിക്ക് സമീപത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കോട്ടപ്പടി സ്റ്റേഡിയത്തിൽ സമാപിച്ചു. ബാൻഡ് മേളം, റോളർ സ്കേറ്റിങ്, ആയോധന കലാ പ്രകടനം എന്നിവ ഉണ്ടായിരുന്നു.
വിവിധ കായിക അസോസിയേഷൻ പ്രതിധികൾ, എൻസിസി കേഡറ്റുകൾ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പങ്കെടുത്തു. കോട്ടപ്പടി സ്റ്റേഡിയത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കലക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം. എൽ.എ മുഖ്യാതിഥിയായി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സ്പോർട്സ് കേരള ഡയറക്ടർ ആഷിഖ് കൈനിക്കര, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ, യു. തിലകൻ, എ. ശ്രീകുമാർ, വി.ആർ. അർജുൻ എന്നിവർ സംസാരിച്ചു.
വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ജില്ലയിലെ കായികമേഖലയിൽ മുന്നേറ്റം നടത്തുക എന്നിവ ലക്ഷ്യമിട്ട് ഡിസംബർ 28 മുതൽ 31വരെ മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലാണ് കായിക മഹോത്സവം സംഘടിപ്പിക്കുന്നത്. ഓരോ കായിക അസോസിയേഷനിൽ നിന്നും തിരഞ്ഞെടുത്ത ടീമുകൾ മൽസരത്തിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 4.30 മുതൽ ആറുവരെ കോട്ടക്കുന്നിൽ ‘കളിവർത്തമാനം’ചർച്ച നടക്കും.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ സമാപനസമ്മേളനം നടക്കും.
കായിക താരങ്ങൾക്ക് ആദരം
മലപ്പുറം: കായിക മഹോത്സവത്തിന്റെ ഭാഗമായി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങളെ ആദരിച്ചു. കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വി.പി. അനിൽകുമാർ, ഡോ. പി.എം. സുധീർ കുമാർ, ടി. മുരുകൻരാജ്, യു. അബ്ദുൽകരീം, പി. ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. കായിക സെമിനാർ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. യു. തിലകൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ.വി.പി. സക്കീർ ഹുസൈൻ, മാതൃഭൂമി സ്പോർട്സ് ലേഖകൻ വിശ്വനാഥ്, ദേശീയ നീന്തൽ ഫെഡറേഷൻ ചെയർമാൻ എസ്.രാജീവ് എന്നിവർ വിഷയാവതരണം നടത്തി. കായിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.