എന്നെങ്കിലും വരുമോ മലപ്പുറത്തൊരു ജനറൽ ആശുപത്രി
text_fieldsമലപ്പുറം: ജില്ല ആസ്ഥാനത്തെ ഏക സർക്കാർ ആതുരാലയം എന്ന മേനി പറയുന്ന മലപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് പറയാനുണ്ട് പരാധീനതകളുടെ നീണ്ടകഥകൾ. ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യത്തിന് നീണ്ട പഴക്കമുണ്ട്. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ച് സ്ഥലം എം.എൽ.എ അടക്കമുള്ളവർ സബ്മിഷൻ ഉന്നയിച്ചെങ്കിലും നടപടിയായില്ല. ജില്ല ആശുപത്രിയാക്കണമെന്നാണ് പ്രധാന ആവശ്യമെങ്കിലും അതിന് സാങ്കേതിക പ്രശ്നമുള്ളതിനാൽ ജനറൽ ആശുപത്രിയെങ്കിലും ആക്കണമെന്നാണ് പൊതുജനാവശ്യം. സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാറിന്റെ ‘ആർദ്രം’ പദ്ധതിയിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് പരിഹരിച്ചിട്ടില്ല.
വികസനം കൊതിച്ച്
സ്ഥലപരിമിതിയാണ് മലപ്പുറം ഗവ. താലൂക്ക് ആശുപത്രി വികസനത്തിനുള്ള പ്രധാന തടസ്സം. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരുടെ കുറവ് നികത്താനായിട്ടില്ല. ദിവസവും ജനറൽ ഒ.പിയിൽ രണ്ടായിരത്തിലധികം രോഗികൾ ഡോക്ടർമാരെ കാണാനെത്തുന്നുണ്ട്. മലപ്പുറം നഗരസഭ, ഊരകം, പൊന്മള, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, പൂക്കോട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ളവർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാൽ, വേണ്ടത്ര സൗകര്യമില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സുമാർ എന്നിവരുടെ അധിക തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം പരിഗണിച്ച സർക്കാർ രണ്ട് സ്റ്റാഫ് നഴ്സിന്റെയും ദന്തൽ മെക്കാനിക്കിന്റെയും തസ്തിക സൃഷ്ടിച്ചതാണ് ആശ്വാസകരമായ നടപടി.
സൂപ്രണ്ട് അടക്കം 20 ഡോക്ടർമാരാണ് നിലവിലുള്ളത്. എന്നാൽ, ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി എന്ന നിലയിലുള്ള സ്റ്റാഫ് പാറ്റേൺ തലത്തിലേക്ക് ആശുപത്രിയെ ഉയർത്തിയിട്ടില്ല. ഇക്കാരണത്താൽ നിലവിലെ ജീവനക്കാർ അധികഭാരം ഏൽക്കേണ്ട അവസ്ഥയാണ്. വിഷയം ജനപ്രതിനിധികളടക്കം ആരോഗ്യ വകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടും തുടർനടപടികളുണ്ടായില്ല. ജില്ല ആസ്ഥാനത്തെ ഏക സർക്കാർ ആശുപത്രിയിലെ അസൗകര്യങ്ങളും ജീവനക്കാരുടെ കുറവും കാരണം സമീപത്തെ സ്വകാര്യ ആശുപത്രികൾക്കാണ് തുണയാകുന്നത്. അടുത്തിടെ വരെ കാഷ്വാലിറ്റിയിൽ അടക്കം ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധി തീർത്തിരുന്നു. ജീവനക്കാരുടെ കുറവിൽ ഏറെ വലയുന്നത് അഡ്മിറ്റ് രോഗികളാണ്.
സ്ഥലം ലഭ്യമാക്കാൻ പരിശ്രമം
താലൂക്ക് ആശുപത്രി വികസനത്തിന് സ്ഥലം ലഭ്യമാക്കാന്‍ സര്‍വകക്ഷി സംഘം മന്ത്രിമാരെ കണ്ട് ആവശ്യമുന്നയിച്ചു. നേരത്തേ ഇതുസംബന്ധിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സ്ഥലം പരിമിതി പ്രശ്നം ഉന്നയിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. ഈ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെത്തി ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, റവന്യൂ മന്ത്രി എന്നിവരെ കണ്ടത്. നിലവില്‍ ആശുപത്രിയുടെ വികസനത്തിന് സ്ഥലം അനിവാര്യമാണ്. ഇതിനായി കോട്ടപ്പടി ഡി.ഡി.ഇ ഓഫിസ് നില്ക്കുന്ന സ്ഥലം കൂടി ആശുപത്രിക്ക് ലഭിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് തീരുമാനം വരേണ്ടത്. ഈ സാഹചര്യം പരിഗണിച്ചാണ് മന്ത്രിമാരെ കണ്ട് തെരഞ്ഞെടുത്ത സര്‍വകക്ഷി കമ്മിറ്റി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. സ്ഥലപരിമിതി വിഷയത്തിൽ അനുകൂല നടപടി ഉണ്ടാക്കാമെന്ന് മന്ത്രിമാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് കലക്ടറേറ്റിലേക്കോ മറ്റു അനുയോജ്യമായ സ്ഥലത്തേക്കോ മാറ്റാന്‍ വേണ്ട നടപടിയെടുക്കണമെന്നാണ് ആവശ്യം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.