ഒരു മാസം പിന്നിട്ട് നവകേരള സദസ്സ്; പരിഹരിച്ചത് 2,600 പരാതികൾ
text_fieldsമലപ്പുറം: ജില്ലയിൽ നവകേരള സദസ്സ് പൂർത്തിയായിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ജില്ല ഭരണകൂടത്തിന്റെ കണക്ക് പ്രകാരം ഇതുവരെ പരിഹരിച്ചത് 2,600 പരാതികൾ. കൂടാതെ ലഭിച്ച പരാതികളിൽ 5,283 എണ്ണം തുടർനടപടികൾക്കായി ശിപാർശ ചെയ്തിട്ടുണ്ട്. 16 മണ്ഡലങ്ങളിൽനിന്നായി ആകെ 81,373 പരാതികളാണ് ലഭിച്ചത്.
പരിഹരിച്ചതും തുടർനടപടിക്ക് വിട്ടതും മാറ്റി നിർത്തിയാൽ 73,490 പരാതികൾ ഇപ്പോഴും അധികൃതരുടെ പരിഗണനയിലാണ്. ഇവ വേഗത്തിൽ പരിഹരിക്കൽ അധികൃതർക്ക് പ്രയാസകരമായിരിക്കും.
പരാതികൾ പരിഹരിക്കുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒരു തരത്തിലും പരിഹരിക്കാൻ കഴിയാത്ത പരാതികളും ലഭിച്ചതിലുണ്ടെന്നും ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം പരാതികളും കിട്ടിയെന്നും അധികൃതർ വിശദീകരിച്ചു. പ്രാഥമിക കണക്ക് പ്രകാരം 80,885 പരാതികളായിരുന്നു ജില്ലയിൽ ആകെ. അധികൃതരുടെ സൂഷ്മ പരിശോധന പൂർത്തിയായതോടെയാണ് 488 പരാതികൾ കൂടി അധികമെത്തിയത്.
സംസ്ഥാനത്ത് പ്രാഥമിക കണക്കെടുപ്പിൽ 6,21,167 പരാതികളാണ് ലഭിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ പരാതികൾ മലപ്പുറത്താണ്. തൊട്ടുപിന്നിൽ പാലക്കാട് ജില്ലയാണ്. നിലവിൽ എല്ലാ മണ്ഡലങ്ങളിൽനിന്നും ലഭിച്ച പരാതികൾ ജില്ല ഭരണകൂടം വഴി ക്രോഡീകരിച്ച് പരിശോധനക്കായി അതത് വകുപ്പ് ജില്ല മേധാവികൾക്ക് കൈമാറിയിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളാണ് തുടർനടപടി സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.