ഒന്നര നൂറ്റാണ്ടിെൻറ ചരിത്രമുള്ള വിദ്യാലയം പ്രൗഢിയിൽ
text_fieldsപെരിന്തൽമണ്ണ: ഒന്നര നൂറ്റാണ്ടിെൻറ ചരിത്രപാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 5.56 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ നാലുനില ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. സ്കൂളിെൻറ 150ാം വാർഷികോപഹാരമായ ബ്ലോക്കിെൻറ ഉദ്ഘാടനത്തിന് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളടക്കം ചേർന്ന് 150 ബലൂണുകൾ വാനിലേക്കുയർത്തി. 25 ക്ലാസ് മുറികൾ നാല് ലാബ്, അടുക്കള, ഭക്ഷണശാല, സ്റ്റാഫ് റൂം, ശുചിമുറി, ലിഫ്റ്റ് എന്നിവയാണ് പുതിയ ബ്ലോക്കിൽ. അഞ്ച് കോടി രൂപ കിഫ്ബി വഴിയും 56 ലക്ഷം നഗരസഭ വിഹിതവുമാണ്. 2016-17ൽ ബംഗളൂരു എ.യു.എസ് കൺസോർഷ്യമാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 25,000 ചതുരശ്രയടിയാണ് കെട്ടിടം.
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, തോമസ് ഐസക്, കെ.കെ. ഷൈലജ എന്നിവർ ഒാൺലൈനിൽ പങ്കെടുത്തു. മഞ്ഞളാംകുഴി അലി എം.എൽ.എ അനാച്ഛാദനം ചെയ്തു.
നഗരസഭ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഫൗസിയ, മുൻ നഗരസഭ അധ്യക്ഷൻ എം. മുഹമ്മദ് സലീം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉണ്ണികൃഷ്ണൻ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അമ്പിളി മനോജ്, സെക്രട്ടറി അബ്ദുൽ സജീം, നഗരസഭ അംഗം പത്തത്ത് ജാഫർ, എൻജിനീയർ എൻ. പ്രസന്നകുമാർ, ഡി.ഇ.ഒ കെ.എസ്. ഷാജൻ, എ.ഇ.ഒ സ്രാജുദ്ദീൻ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ, ഇ. രാജേഷ്, എം.കെ. ശ്രീധരൻ, കെ.ടി. ഹമീദ്, പ്രധാനാധ്യാപിക വാഹിദ ബീഗം എന്നിവർ സംസാരിച്ചു.
കേന്ദ്രീകൃത ഒാൺലൈൻ ഉദ്ഘാടനത്തിൽ മന്ത്രിമാർ; എം.എൽ.എമാർക്ക് അമർഷം
പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പിനു മുമ്പായി നടക്കുന്ന കേന്ദ്രീകൃത ഉദ്ഘാടന ചടങ്ങുകളോട് പ്രതിപക്ഷ എം.എൽ.എമാർക്കും പ്രാദേശിക ജനപ്രതിനിധികൾക്കും അമർഷം. വ്യാഴാഴ്ച രാവിലെ 10ന് നടന്ന സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ എവിടെയും സ്ഥലം എം.എൽ.എമാരെ ഉൾപ്പെടുത്താതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും ആരോഗ്യ മന്ത്രിയും തൽസമയം പങ്കെടുത്താണ് ചടങ്ങ് നടത്തിയത്. ചടങ്ങിന് നന്ദി പറഞ്ഞ് പിരിച്ചുവിട്ട ശേഷമാണ് സ്ഥലം എം.എൽ.എമാർ പങ്കെടുക്കുന്ന മറ്റൊരു ചടങ്ങ് നടത്തിയത്. ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി സ്കൂളുകളുടെയോ എം.എൽ.എമാരുടെയോ പേര് പരാമർശിച്ചതുമില്ല. സ്കൂളുകളുടെ എണ്ണവും ആകെ ചെലവിട്ട തുകയും പറഞ്ഞായിരുന്നു ഉദ്ഘാടനം. ഒരേ സമയം മണ്ഡലത്തിൽ മൂന്ന് സ്കൂളുകളിൽ ഇത്തരത്തിൽ പൊതു പരിപാടി നടക്കുന്നതിനാൽ വണ്ടൂർ മണ്ഡലത്തിൽ എവിടെയും എ.പി. അനിൽകുമാർ എം.എൽ.എക്ക് കൃത്യമായി പങ്കെടുക്കാനായില്ല. കിഫ്ബിയിൽ പൂർത്തിയാക്കിയ മുഴുവൻ സ്കൂൾ കെട്ടിടങ്ങളും എം.എൽ.എമാർ നിർദേശിച്ചതാണ്. ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം പൂർത്തിയായ കെട്ടിടങ്ങളും ബ്ലോക്കുകളും പരമാവധി ജനകീയമായി ഉദ്ഘാടനം ചെയ്യണമെന്നാണ് എം.എൽ.എമാരും പി.ടി.എ കമ്മിറ്റികളും കണക്കുകൂട്ടിയിരുന്നത്.
എന്നാൽ മുഖ്യപരിപാടിയിൽ ഉൾപ്പെടുത്താതെ എം.എൽ.എമാരെ അനുബന്ധ പരിപാടിയിൽ ഒതുക്കിയതിലും എതിർപ്പുണ്ട്. ശിലാഫലകം അനാഛാദനമാണ് എം.എൽ.എമാർക്ക് നിശ്ചയിച്ച പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.