എ.ബി.സി പദ്ധതി മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് യോഗം നാളെ
text_fieldsമലപ്പുറം: തെരുവുനായ് വന്ധ്യംകരണ പദ്ധതി (എ.ബി.സി) ജില്ലയിൽ മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ നടപടി. നേരത്തേ നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ ആരംഭിക്കാനായിരുന്നു പഞ്ചായത്ത് വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, എം.എൽ.എമാർ എന്നിവരുമായി നടത്തിയ കൂടിയാലോചനയിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്കകരിച്ചത്. അടിസ്ഥാന സ്ഥലസൗകര്യങ്ങളുള്ള മൃഗാശുപത്രികളാണ് പദ്ധതിക്കായി പരിഗണിക്കുന്നത്.
പ്രാഥമികഘട്ടത്തിൽ ജില്ലയിൽ അഞ്ച് കേന്ദ്രങ്ങൾ പദ്ധതിക്കായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച മലപ്പുറത്ത് ചേരുന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനമെടുക്കും. ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്തിൽ അധ്യക്ഷ എം.കെ. റഫീഖയുടെ നേതൃത്വത്തിലാകും യോഗം നടക്കുക. തീരുമാനം അനുകൂലമായാൽ എ.ബി.സി കേന്ദ്രങ്ങൾ തുറക്കും. നേരത്തേ 16 നിയമസഭ മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ മാത്രം ഒരു എ.ബി.സി കേന്ദ്രവും മറ്റിടങ്ങളിൽ രണ്ട് മണ്ഡലങ്ങൾക്ക് ഒരു കേന്ദ്രം എന്ന നിലയിലും ആരംഭിക്കാനാണ് ആലോചിച്ചിരുന്നത്.
ജില്ലയിൽ തെരുവുനായ് ആക്രമണം അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ 12ന് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ ഓഫിസിന് മുന്നിൽവെച്ച് അഭിഭാഷകന് തെരുവുനായുടെ കടിയേറ്റിരുന്നു. നിലവിൽ ആക്രമണം സ്ഥിരമായ മേഖലകള്‍ കണ്ടെത്തി ഹോട്ട്സ്പോട്ടുകള്‍ തയാറാക്കാന്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ 10 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം.
സുരക്ഷിതമായി നടപ്പാക്കും
മലപ്പുറം: കേന്ദ്രംവരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ട. മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിത സംവിധാനത്തോടെയാകും എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുക. മറ്റ് ജില്ലകളിൽ ഇത്തരം മാതൃകകളുണ്ട്. ഇതുപോലെ നമുക്കും നടപ്പാക്കാം. വകുപ്പിനുകീഴിൽ മികച്ച ജീവനക്കാരുടെ സേവനം പദ്ധതിക്കായി വിനിയോഗിക്കും. പദ്ധതി മികച്ച രീതിയിൽ നടപ്പാക്കേണ്ടത് വകുപ്പിന്റെ ചുമതലയാണ്.
ഡോ. പി.യു. അബ്ദുൽ അസീസ്, ജില്ല മൃഗസംരക്ഷണ ഓഫിസർ
വാക്സിനേഷന് ഡ്രൈവ്: കുത്തിവെപ്പ് എടുത്തത് 11,425 മൃഗങ്ങൾ
മലപ്പുറം: ജില്ലയിൽ ഇതുവരെ കുത്തിവെപ്പ് എടുത്തത് 11,425 മൃഗങ്ങൾ. പേവിഷബാധ പ്രതിരോധ വാക്സിനേഷന് കാമ്പയിനിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് നടത്തിയ ക്യാമ്പിലൂടെയാണ് ഇത്രയും കുത്തിവെക്കപ്പെട്ടത്. വളർത്തുമൃഗങ്ങളും തെരുവുനായ്ക്കളുമടക്കമാണ് ഈ കണക്ക്. വളർത്തുനായ്ക്കൾക്കാണ് ഏറ്റവും കൂടുതൽ കുത്തിവെപ്പ് എടുത്തത്. 7,800 എണ്ണം. 3,500 പൂച്ചകളും കുത്തിവെപ്പ് നേടി.
വളർത്തു മൃഗങ്ങൾക്ക് മാത്രമായി 570 ക്യാമ്പുകളാണ് ജില്ലയിൽ സംഘടിപ്പിക്കപ്പെട്ടത്. തെരുവുനായ്ക്കളാണ് ഏറ്റവും കുറവ് കുത്തിവെപ്പ് നേടിയത്. 10 ക്യാമ്പുകളിലായി 125 തെരുവുനായ്ക്കളെ മാത്രമേ കുത്തിവെപ്പ് എടുക്കാൻ സാധിച്ചിട്ടുള്ളൂ. തെരുവുനായ്ക്കളെ പിടികൂടി കുത്തിവെപ്പ് നൽകുക എന്നത് ശ്രമകരമായ ദൗത്യമാണെന്നും ഇതിനുള്ള ശ്രമങ്ങൾ തുടർന്ന് വരുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ ഒക്ടോബർ 20ന് മുന്നോടിയായി കുത്തിവെപ്പ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം.
എന്നാൽ, ഇനി വരുന്ന നാലുദിവസത്തിനകം ബാക്കിവരുന്ന തെരുവു നായ്ക്കളുടെ കുത്തിവെപ്പ് പൂർത്തിയാകില്ല. ഇതിന് കുറച്ച് ദിവസം കൂടി അധികമായി വേണ്ടി വരും. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി കുറച്ച് ദിവസം കൂടി നീട്ടി വാങ്ങാനുള്ള ഒരുക്കത്തിലാണ് ജില്ല മൃഗസംരക്ഷണ വകുപ്പ്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് പ്രതിരോധ വാക്സിനേഷന് ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.