തണുപ്പിലിരുന്ന് ചൂടൻ പഠനം
text_fieldsമലപ്പുറം: നഗരസഭയിലെ സർക്കാർ എൽ.പി സ്കൂളുകളിലെ കുട്ടികളും ഇനി എ.സി ക്ലാസ് മുറികളിലിരുന്ന് പഠിക്കും. നഗരസഭയുടെ നൂതന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കുരുന്നുകളും മലപ്പുറം നഗരത്തിലെ ശീതീകരിച്ച ക്ലാസ് മുറികളിൽ ഇരുന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവട് വെക്കുക. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് എ.സി ക്ലാസ് മുറികളിലേക്ക് ചുവട് മാറ്റാൻ നഗരസഭ ആശയം മുന്നോട്ട് വെച്ചത്.
തുടർന്ന് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരവും നേടിയെടുത്തു. നഗരസഭയുടെ 2023 -24 വർഷത്തെ വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മലപ്പുറം നഗരസഭയിൽ ആറ് സർക്കാർ എൽ.പി സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മേൽമുറി നോർത്ത് ജി.എൽ.പി സ്കൂളിലാണ് നടപ്പാക്കുന്നത്.
ഇവിടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. രണ്ടാംഘട്ടത്തിൽ മേൽമുറി സൗത്ത് ജി.എൽ.പി സ്കൂൾ, മേൽമുറി സെൻട്രൽ ജി.എൽ.പി സ്കൂൾ, അധികാരിതൊടി ജി.എൽ.പി സ്കൂൾ, കോൽമണ്ണ ജി.എൽ.പി സ്കൂൾ, കോട്ടപ്പടി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. സംസ്ഥാനത്തുതന്നെ ചിലപ്പോൾ ആദ്യമായിട്ടാകും സർക്കാർ എൽ.പി സ്കൂൾ ശീതീകരിക്കാൻ തദ്ദേശ സ്ഥാപനം മുന്നോട്ട് വരുന്നതെന്ന് നഗരസഭ അധികൃതർ അവകാശപ്പെട്ടു.
നഗരസഭ പരിധിയിലെ അംഗൻവാടികൾ ശീതീകരിക്കുന്ന പ്രവൃത്തി നിലവിൽ പുരോഗമിക്കുകയാണ്. 64 അംഗൻവാടികളിൽ 18 എണ്ണം നിലവിൽ ശീതീകരണം പൂർത്തിയാക്കി. ബാക്കി വരുന്നവയുടെ പ്രവൃത്തി നടന്നുവരുകയാണ്. നഗരസഭ പരിധിയിലെ വിദ്യാലയങ്ങൾക്ക് ബെഞ്ച്, ഡെസ്ക്, സീലിങ് ഫാനുകൾ എന്നിവയും നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.