വട്ടപ്പാറയിൽ അപകടത്തിൽപെട്ട ലോറികൾ മാറ്റിയില്ല
text_fieldsസ്ഥലമുടമക്ക് ദുരിതം •വാഹനങ്ങൾ വീണ് സ്ഥലത്തെ തെങ്ങുകളും പ്ലാവും നശിക്കുന്നു
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറ പ്രധാന വളവിലെ താഴ്ചയിലേക്ക് മറിഞ്ഞ ലോറികൾ മാറ്റിയില്ല. മംഗലാപുരം ഭാഗത്തുനിന്ന് കമ്പിയുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി ഫെബ്രുവരി രണ്ടാം തീയതി പുലർച്ച സുരക്ഷ ഭിത്തിയിൽ ഇടിച്ച് 30 അടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.
ലോറി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും ചെയ്തു. അന്ന് മറിഞ്ഞ ലോറിയുടെ അവശിഷ്ടങ്ങൾ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇപ്പോഴും കിടക്കുകയാണ്.
മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് സൈക്കിള് പാര്ട്സുമായി പോവുകയായിരുന്നു കെണ്ടയ്നർ ലോറി ജൂലൈ 18ന് ഉച്ചക്ക് 1.30ഓടെ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. അപകടത്തിൽ ഹരിയാന സ്വദേശി ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കണ്ടെയ്നർ ലോറി ഇപ്പോഴും മാറ്റിയിട്ടില്ല. താഴ്ചയിലേക്ക് മറിയുന്ന ലോറികൾ വലിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിട്ട് വേണം റോഡിലേക്ക് എത്തിക്കാൻ. ഇതിന് ലോറി ഉടമകൾക്ക് വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്.
പറമ്പിലേക്ക് വീണുകിടക്കുന്ന ലോറികൾ മാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലമുടമ ആലുങ്ങൽ കുഞ്ഞലവി ഹാജി പറഞ്ഞു. വട്ടപ്പാറ വളവിലെ താഴ്ചയിലായി 23 സെൻറ് സ്ഥലം ഇദ്ദേഹത്തിനുണ്ട്. പാചക വാതക ടാങ്കർ ഉൾപ്പെടെ അന്തർ സംസ്ഥാനത്തുനിന്നുള്ള ചരക്കുലോറികൾ സുരക്ഷ ഭിത്തി തകർത്ത് ഇവരുടെ പറമ്പിലാണ് പതിക്കാറ്.
ഈ സ്ഥലത്ത് നല്ല കായ്ഫലം തരുന്ന തെങ്ങുകളും പ്ലാവും, മാവും ഒക്കെ ഉണ്ടായിരുന്നെങ്കിലും നിരന്തരമായി വാഹനങ്ങൾ വീണ് ഇതിൽ പലതും നശിക്കുകയും ചെയ്തു. എന്നാൽ ഇതിനൊന്നും നഷ്ടപരിഹാരം ആരും ഇവർക്ക് നൽകിയിട്ടില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്ക് വില നൽകി ഭൂമി ഏറ്റെടുത്തത് പോലെ ഈ സ്ഥലവും ഏറ്റെടുത്താൽ വട്ടപ്പാറ വളവിെൻറ വീതി കൂട്ടുകയും ചെയ്യാം. അങ്ങനെ താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടങ്ങൾ ഇല്ലാതാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.