മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽനിന്ന്് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയായ ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടൻ വീട്ടിൽ യൂസഫിനെയാണ് (23) ആലിപ്പറമ്പിൽനിന്ന് കാളികാവ് പൊലീസ് പിടികൂടിയത്.
ആലിപ്പറമ്പ് മലയിൽ ഒളിച്ചുപാർക്കുന്നതിനിടെ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞത്. വൈകീട്ടോടെ പിടിയിലാവുകയും ചെയ്തു. ആശുപത്രിയിൽനിന്ന് മൂന്നാം തവണയാണ് പ്രതികൾ രക്ഷപ്പെടുന്നത്.
ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള നഴ്സ് വാർഡിലെത്തി പരിശോധിച്ചപ്പോഴാണ് യൂസഫ് രക്ഷപ്പെട്ട വിവരമറിയുന്നത്. 21ാം വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. വാർഡിൽനിന്ന് കോണിപ്പടിയിലെ പൂട്ട് തകർത്താണ് രക്ഷപ്പെട്ടത്.
തുടർന്ന് നാട്ടിലെത്തി മലയിൽ ഒളിച്ചുപാർക്കുകയായിരുന്നു. റിമാൻഡ് പ്രതിയായിരുന്ന ഇയാളെ ആദ്യം ജയിൽവകുപ്പിെൻറ പയ്യനാട്ടെ കോവിഡ് ചികിത്സാകേന്ദ്രത്തിലാണ് പാർപ്പിച്ചിരുന്നത്. കോവിഡ് പോസിറ്റിവായി ന്യുമോണിയ ബാധിച്ചതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ റംഷാദ് നേരത്തെ രണ്ടുതവണ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. കാളികാവ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷാജു, സുധീഷ്, ഉജേഷ്, പ്രമേഷ്, ആഷിഫലി, പെരിന്തൽമണ്ണ സ്റ്റേഷനിലെ കൃഷ്ണകുമാർ, മനോജ്, ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.