വിദ്യാർഥികളെ കയറ്റാൻ മടി; സ്വകാര്യ ബസുകൾക്കെതിരെ നടപടി
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടിയിൽ സ്കൂൾ വിടുന്ന സമയത്ത് വിദ്യാർഥികളെ കയറ്റാൻ മടിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും തിരൂരങ്ങാടി സബ് ആർ.ടി.ഒ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. തിരൂരങ്ങാടി സ്കൂൾ പരിസരങ്ങളിലും ചെമ്മാട് ബസ് സ്റ്റാൻഡിലുമായി ഇരുപതോളം ബസുകൾ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ 10 ബസുകൾക്കെതിരെ കേസെടുത്തു.
ബസ് ഡ്രൈവർക്കും ജീവനക്കാർക്കും കുട്ടികളെ കയറ്റണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. കഴിഞ്ഞദിവസം വിദ്യാർഥികളെ കയറ്റാതെ മുന്നോട്ട് എടുത്ത ബസ് നാട്ടുകാർ തടഞ്ഞിരുന്നു. ഇതിലെ ഡ്രൈവറോട് എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിയറിങ്ങിനുശേഷം നടപടിയെടുക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സ്ഥിതിചെയ്യുന്ന തിരൂരങ്ങാടിയിൽ വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതിനാൽ തന്നെ ദൂരദിക്കിൽനിന്നും പഠിക്കാൻ വരുന്ന വിദ്യാർഥികൾ വളരെ വൈകിയാണ് വീട്ടിലെത്തിയിരുന്നത്. തിരൂരങ്ങാടിയിൽ എത്തുമ്പോൾ ബസിന്റെ സ്ഥലപ്പേര് പ്രദർശിപ്പിക്കുന്ന ബോർഡ് മാറ്റിവെക്കുന്നതും പതിവായിരുന്നു. കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ നാട്ടുകാർ ഇടപെട്ടാണ് വിദ്യാർഥികളെ ബസിൽ കയറ്റി കൊണ്ടിരിക്കുന്നത്. പരിശോധനക്ക് എൻഫോഴ്സ്മെന്റ് എം.വി.ഐ ജയചന്ദ്രൻ എ.എം.വി.ഐമാരായ വിഷ്ണു വിജയ്, എസ്.ജി. ജെസി, തിരൂരങ്ങാടി എ.എം.വിഐമാരായ ടി. മുസ്തജാബ്, എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.