മന്ത്രിമാരുടെ അദാലത്ത്; ജില്ലയിൽ ലഭിച്ച പരാതികൾ 24,529, ഏപ്രിൽ 15 വരെ രജിസ്റ്റർ ചെയ്യാം
text_fieldsപെരിന്തൽമണ്ണ: താലൂക്കുകൾ കേന്ദ്രീകരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്തിൽ ബുധനാഴ്ച ഉച്ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ലഭിച്ചത് 24,529 പരാതികൾ. ജില്ലയിൽ ഏറനാട്, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ ഏഴ് താലൂക്ക് കേന്ദ്രങ്ങളിലാണ് മേയിൽ അദാലത്ത് നടക്കുക. താലൂക്ക് ഓഫിസുകളിൽ പരാതി സ്വീകരിച്ച് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് പുറമെ വ്യക്തികൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതി നൽകാം.
ജില്ല ആസ്ഥാനത്ത് ലഭിക്കുന്ന പരാതികൾ അതത് വകുപ്പുകൾക്ക് അയച്ചുനൽകി പരിഹാരത്തിനും നടപടിക്കും നിർദേശിക്കും. അദാലത്തിൽ ഈ പരാതികളിലെ അന്തിമ തീർപ്പ് അറിയിക്കും. സർക്കാർ നിർദേശിച്ച 28 മേഖലകളിൽ പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകളിൽ നിന്ന് തീർപ്പാക്കിക്കിട്ടേണ്ടവയാണ് 20 ഓളം വിഭാഗം.
ഇതിനകം ജില്ലയിൽ ലഭിച്ച കാൽ ലക്ഷത്തോളം പരാതികളിൽ ഓരോ വില്ലേജിലും ഗ്രാമ പഞ്ചായത്തിലും ആവർത്തിച്ചു വന്നവ ലൈഫ് സുരക്ഷ പദ്ധതിയിൽ വീട് ലഭിക്കാത്തതും ഒരു റേഷൻ കാർഡിൽ ഒന്നിലേറെ കുടുംബങ്ങൾ ഉണ്ടായിട്ടും വീട് ലഭിക്കാത്തതുമാണ്. സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളും അവകാശങ്ങളും പരാതികളായി പരിഗണിക്കുമെങ്കിലും സർക്കാർ ജീവനക്കാരെക്കുറിച്ച പരാതികൾ അദാലത്തിൽ സ്വീകരിക്കില്ല. ഇതിനകം രജിസ്റ്റർ ചെയ്തവയിൽ ഇത്തരം പരാതികൾ ഒട്ടേറെയുണ്ട്. ഏപ്രിൽ പത്തുവരെ പരാതി നൽകാനുള്ള സമയപരിധി നൽകിയത് 15 വരെയാക്കിയിട്ടുണ്ട്.
28 ഇനം പരാതികൾ സ്വീകരിക്കും
ഭൂമി സംബന്ധമായ വിഷയങ്ങൾ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ, സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക, പുതിയ പെൻഷൻ, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, തെരുവുനായ് ശല്യം, അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കൽ, തെരുവു വിളക്കുകൾ സ്ഥാപിക്കൽ, അതിർത്തി തർക്കം, വഴിതടസം, വയോജന സംരക്ഷണം, കെട്ടിട നമ്പർ, വസ്തു നികുതി, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണം, ചികിത്സ ആവശ്യങ്ങൾക്ക് റേഷൻ കാർഡ് എ.പി.എൽ-ബി.പി.എൽ പരിഗണന നൽകൽ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, കൃഷി-വിള നാശവും സഹായവും, ആശുപത്രിയിലെ മരുന്ന് ക്ഷാമം, ഭിന്നശേഷിക്കാരുടെ പുനരധിവാസവും ധനസഹായവും പെൻഷനും, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ഭക്ഷ്യസുരക്ഷ, കാർഷിക വിള ഇൻഷൂറൻസ് തുടങ്ങി 28 മേഖലയിലാണ് പരാതികൾ സ്വീകരിക്കുക.
വായ്പ എഴുതിത്തള്ളൽ പരിഗണിക്കില്ല
വായ്പ എഴുതിത്തള്ളൽ, സാമ്പത്തിക സഹായം തേടൽ, പൊലീസ് കേസുകൾ, ഉദ്യോഗസ്ഥർക്ക് എതിരെയുള്ളവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടൽ, ഭൂമിക്ക് പട്ടയം തേടൽ, വസ്തുവിന്റെ പോക്കുവരവ്, തരംമാറ്റൽ, റവന്യൂ റിക്കവറി, സർക്കാർ ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ എന്നിവയടക്കം 12 ഓളം മേഖലകളിൽ പരാതി സ്വീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.