രോഗക്കിടക്കയിലമര്ന്ന ആദിവാസി കുടുംബം ദുരിതത്തില്‍
text_fieldsഎടക്കര: രോഗത്താല്‍ വലഞ്ഞ് ആദിവാസി കുടുംബം ദുരിതക്കയത്തില്‍. പോത്തുകല്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെ മുരുകന്റെ (58) കുടുംബമാണ് സഹായിക്കാനാളില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. എട്ട് മാസം മുമ്പ് മരം മുറിക്കുന്നതിനിടെയാണ് മുരുകന് അപകടത്തില്‍പ്പെടുന്നത്. വൈദ്യുതി ലൈനില്‍ വീണ മരക്കൊമ്പ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വീണ ഇയാളുടെ നട്ടെല്ലിന് പരിക്കേറ്റു.
ദീര്‍ഘനാള്‍ കിടന്നത് മൂലം പുറത്തുണ്ടായ മുറിവ് പഴുത്ത് വ്രണമായിരിക്കുകയാണ്. പാലിയേറ്റിവ് ക്ലിനിക്ക് ജീവനക്കാരും പഞ്ചായത്ത് പരിരക്ഷ പ്രവര്‍ത്തകരും നിത്യവും കോളനിയിലെത്തി മുറിവ് വൃത്തിയാക്കി മരുന്നുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. മുരുകന്റെ ഭാര്യ സുനിത (38) ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കീമോ തെറപ്പി ചെയ്യുകയാണ്. കാഴ്ച നഷ്ടപ്പെട്ട ഇവര്‍ക്ക് ഭര്‍ത്താവിനെ പരിചരിക്കാനോ കുടുംബം നോക്കാനോ കഴിയാത്ത അവസ്ഥയാണ്. സുനിതക്ക് കീമോ തെറപ്പി ചെയ്യാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടെപ്പോകാന്‍ ആരുമില്ലാത്ത സ്ഥിതിയാണിപ്പോഴുള്ളത്. നാലിനും 12നുമിടയിൽ പ്രായമുള്ള നാല് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. നിലമ്പൂരിലെ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യന്‍ സ്കൂളിലാണ് മുതിര്‍ന്ന മൂന്ന് കുട്ടികളും പഠിച്ചത്.
എന്നാല്‍ മാതാപിതാക്കള്‍ രോഗികളായതോടെ പഠനം മുടങ്ങിയ ഇവർ അപ്പന്‍കാപ്പിലെ വീട്ടിലാണുള്ളത്. പാലിയേറ്റിവ്, പരിരക്ഷ പ്രവര്‍ത്തകരും നാട്ടുകാരുമാണ് കുടുംബത്തിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും ഭക്ഷണവും മിക്കപ്പോഴും നല്‍കുന്നത്. ചിലപ്പോഴൊക്കെ ഒമ്പതും ഏഴും വയസ്സുള്ള കുട്ടികള്‍ ഉപ്പുമാവ് പോലുള്ളവ പാകം ചെയ്യാറുണ്ട്.
രോഗികളായ മുരുകന്റെയും സുനിതയുടെയും പരിചരണം നിത്യവും പാലിയേറ്റിവാണ് ചെയ്തിരുന്നത്. പാലിയേറ്റിവ് പ്രവര്‍ത്തകര്‍ എത്താത്ത ദിവസങ്ങളില്‍ മലമൂത്ര വിസര്‍ജ്യങ്ങളില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയാണ് മുരുകന്റേത്. ഇപ്പോള്‍ മാസത്തില്‍ പത്ത് ദിവസം പരിചരണം പരിരക്ഷ ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.