ചെക്കുന്ന് മലയിലേക്കുള്ള സഞ്ചാരികളുടെ വരവ് സ്വൈരജീവിതത്തിന് ഭീഷണിയെന്ന് ആദിവാസികൾ
text_fieldsമലപ്പുറം: പുറമെ നിന്നുള്ള ആളുകളുടെ കടന്നുകയറ്റം മൂലം സ്വൈരജീവിതം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ആദിവാസികൾ ജില്ല കലക്ടർക്ക് മുന്നിൽ. ചെക്കുന്ന് മല കാണാൻ ദിനേനയെത്തുന്ന നൂറുകണക്കിന് പേർ ആദിവാസി മുതുവാൻ സമുദായക്കാർ താമസിക്കുന്ന കോളനികളിലൂടെയാണ് മുകളിലേക്ക് പോവുന്നതെന്നും ഇവരുടെ സാന്നിധ്യം ആവാസവ്യവസ്ഥയെപ്പോലും തകർക്കുന്ന തരത്തിലുള്ളതുമാണെന്ന് ആദിവാസി ഡെവലപ്മെൻറ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഡി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാമെന്ന് കലക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായാണ് മല.
ചെക്കുന്ന്, ഓടണ്ടപ്പാറ, കാളിയാങ്ങൽ ഭാഗങ്ങളിൽ താമസിക്കുന്ന ആദിവാസികളാണ് പരാതിക്കാർ. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ മല കാണാനെത്തുന്നവരുടെ സഞ്ചാരം കോളനികളിലൂടെയാണ്. ഇത് ഇവിടെ താമസിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം സുരക്ഷക്ക് ഭീഷണിയാണ്. ഇക്കോ ടൂറിസം പോലെയുള്ള പദ്ധതികൾ വനസമ്പത്ത് നശിപ്പിക്കുമെന്നും കൂട്ട ആത്മഹത്യയല്ലാതെ വഴിയില്ലെന്നും ഇവർ വ്യക്തമാക്കി.
മദ്യപിച്ചും മറ്റും ആദിവാസികളെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും കോളനിവാസികളായ യുവാക്കളെ വാച്ചർമാരായി നിയമിക്കണമെന്നും എ.ഡി.എഫ് ജില്ല വൈസ് പ്രസിഡൻറ് പി. സുരേഷ് ബാബുവും ജോയൻറ് സെക്രട്ടറി ഇ. ഗോപാലനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.