കോൺഗ്രസിനെ എഴുതി തള്ളാമെന്ന് വിചാരമുണ്ടെങ്കിൽ നടക്കില്ല -ഉമ്മൻ ചാണ്ടി
text_fieldsമലപ്പുറം: കോൺഗ്രസിനെ എഴുതി തള്ളാമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടങ്കിൽ അതൊരിക്കലും നടക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മലപ്പുറത്ത് മുൻ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.വി. പ്രകാശ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തോൽവിയോടെ കോൺഗ്രസിനെ മാറ്റിനിർത്താൻ സാധിക്കില്ല. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ് എന്നുമുണ്ടാകും.
ആർക്കും ആകർഷിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഇടപെടലുമായിരുന്നു വി.വി. പ്രകാശിന്. നമ്മുടെ സമൂഹം എപ്പോഴും ബഹുമാനിക്കുന്നത് അധികാരത്തെയും പണത്തെയുമാണ്. അധികാരവും പണവുമില്ലാതെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച് പറ്റിയെങ്കിൽ അത് അദ്ദേഹത്തിന്‍റെ പ്രവർത്തിയിലൂടെയാണ്.
ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. 'പ്രകാശ സ്മൃതികൾ' എന്ന പേരിൽ വി.വി. പ്രകാശിന്‍റെ രാഷ്ട്രീയ യാത്രകളെ ചിത്രീകരിച്ച് നിർമിച്ച ഡോക്യുമെന്‍ററിയും സപ്ലിമെന്‍ററിയും ഉമ്മൻചാണ്ടി വി.വി. പ്രകാശിന്‍റെ മക്കൾ നന്ദന പ്രകാശിനും നിള പ്രകാശിനും നൽകി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, സാഹിത്യകാരൻ പി. സുരേന്ദ്രൻ, എ.പി. അനിൽ കുമാർ എം.എൽ.എ, വി.ടി. ബൽറാം, പി.ടി. അജയമോഹൻ, അഷ്റഫ് കോക്കൂർ, അജീഷ് എടാലത്ത്, പ്രതാപ വർമ്മ തമ്പാൻ, ജൈസൺ ജോസഫ്, പി.എസ്. സലീം, ആലിപ്പറ്റ ജമീല, വി.എ. കരീം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.