കാമറയുടെ ഒരു കാര്യം
text_fieldsമങ്കട: പുറത്തിറക്കാത്ത സ്കൂട്ടറിനും പുറത്തിറങ്ങാത്ത ദിവസം ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനും മങ്കട സ്വദേശികൾക്ക് പിഴ നോട്ടീസ്. മങ്കട സ്വദേശി ജബീല്‍ മണിയറയിലാണ് തിരൂരങ്ങാടിയിലൂടെ ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപ പിഴ ചുമത്തി നോട്ടീസ് വന്നത്. തിരൂരങ്ങാടി അത്താണിക്കലിലെ കാമറയിലാണ് കഴിഞ്ഞദിവസം ഉച്ചക്ക് 12ഓടെ കെ.എൽ 65 എസ് 3066 സ്കൂട്ടര്‍ യാത്രികന് ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന്റെ ദൃശ്യം പതിഞ്ഞത്. എന്നാല്‍, പിഴയടക്കാനുള്ള നോട്ടീസ് അയച്ചത് കെ.എൽ 65 ആർ 3066 എന്ന സ്കൂട്ടറിന്റെ ഉടമക്ക്. മോട്ടോര്‍ വാഹന വകുപ്പ് അയച്ച നോട്ടീസിലെ ഫോട്ടോയില്‍ തന്നെ എസ് സീരിസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെന്ന് വ്യക്തമാണ്.
രണ്ടും രണ്ടു കമ്പനിയുടെ സ്കൂട്ടറുകളാണ്. അതേസമയം വീട്ടില്‍നിന്ന് പുറത്തിറങ്ങാത്ത ദിവസം സ്കൂട്ടര്‍ ഉടമ ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിച്ചതായി കാണിച്ച് കടന്നമണ്ണ പറശ്ശേരി രാജനാണ് മേലാറ്റൂര്‍ പൊലീസിന്റെ പിഴ വന്നത്. ഉച്ചാരക്കടവിലെ പൊലീസ് കാമറയില്‍ ജൂണ്‍ 11ന് പതിഞ്ഞ ദൃശ്യമാണെന്ന് പറഞ്ഞാണ് നോട്ടീസ് വന്നത്. രണ്ട് ദിവസത്തിനകം വാഹനം ഹാജരാക്കിയില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും എന്നാണ് അറിയിപ്പ്. എന്നാല്‍, വാഹനം ഒരാഴ്ചയായി പുറത്തെടുത്തിട്ടില്ലെന്നും മറ്റേതെങ്കിലും വാഹനമാകാം എന്ന് പറഞ്ഞ് സ്കൂട്ടറിന്റെ ചിത്രവും രേഖകളും അയച്ച് കൊടുത്തെങ്കിലും വാഹനവുമായി നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും കഴിഞ്ഞ ദിവസം ജോലി ഒഴിവാക്കി 25 കിലോമീറ്റര്‍ സഞ്ചരിച്ച് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ദൃശ്യങ്ങള്‍ കാണിച്ചതില്‍ നിയമലംഘനം നടത്തിയത് ബൈക്ക് യാത്രികനാണെന്ന് മനസ്സിലായതായി രാജൻ പറയുന്നു.
സ്കൂട്ടറിന്റെ നമ്പര്‍ കെ.എൽ 53 സി 9703ഉം ബൈക്കിന്റെ നമ്പര്‍ കെ.എൽ 53 സി 9783ഉം ആയിരുന്നു. വേണ്ടത്ര ജാഗ്രതയില്ലാതെ നിരപരാധികള്‍ക്ക് പണി നല്‍കുന്നതിന് ഉത്തരവാദിയായവരില്നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥ വേണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. എന്നാല്‍, പിഴ അടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വാഹനം ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും മേലാറ്റൂര്‍ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.