എസ്.എസ്.എൽ.സിയിൽ 100 ശതമാനം ലക്ഷ്യമിട്ട് മലപ്പുറം ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: അടുത്ത വര്‍ഷങ്ങളില്‍ എസ്.എസ്.എൽ.സി പരീക്ഷയില്‍ ജില്ലക്ക് നൂറുശതമാനം വിജയം ലക്ഷ്യമിട്ട് ജില്ല പഞ്ചായത്ത്. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇത്തവണ 99.32 ശതമാനം വിജയം നേടിയ മലപ്പുറത്തെ പുതിയ വിദ്യാഭ്യാസ പദ്ധതികളിലൂടെ സമ്പൂര്‍ണ വിജയത്തിലെത്തിക്കാണ് പദ്ധതി. വിജയഭേരിയുടെ നേതൃത്വത്തില്‍ ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. 78,224 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 533 പേര്‍ മാത്രമാണ് ഇക്കുറി പരാജയപ്പെട്ടത്. ഇതില്‍ സേ പരീക്ഷ എഴുതിയ പകുതി പേര്‍ക്കെങ്കിലും പത്തു കടക്കാനാവും. ബാക്കി വരുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വിജയമുറപ്പാക്കുമെന്നും പ്രസിഡന്‍റ് എം.കെ. റഫീഖ പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാറിനോട് നിയമാനുമതി തേടാനും യോഗത്തില്‍ തീരുമാനമായി. സാമൂഹിക സുരക്ഷ വകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അനുകൂല നടപടി ലഭിച്ചിട്ടുണ്ട്. സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ നല്‍കാന്‍ മാത്രമാണ് നിലവിൽ അനുമതിയുള്ളത്.
സംസ്ഥാനതല കോഓഡിനേഷന്‍ സമിതിയുടെ അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാം. ആദ്യഘട്ടമായി പദ്ധതിക്കു 50 ലക്ഷം രൂപ വകയിരുത്തും. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്‍റായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 4.81 കോടി ട്രഷറിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സാമ്പത്തിക വര്‍ഷാവസാനം പിന്‍വലിക്കുന്ന കൂട്ടത്തിലാണ് ഈ തുക പിന്‍വലിച്ചത്. നിരന്തര ഇടപെടലിലൂടെ തുക തിരികെ ലഭിച്ചതായും പ്രസിഡന്‍റ് യോഗത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.