ആദ്യ ശ്രമത്തിൽ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംനേടി അജിത്ത്
text_fieldsഅരീക്കോട്: ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ 714ാം റാങ്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് 22കാരൻ പി. അജിത്ത്. കാവനൂർ ചെങ്ങര സ്വദേശി കർഷകനായ പി. ബാലകൃഷ്ണൻ-ഗീത ദമ്പതികളുടെ ഏക മകനാണ്. ചെറുപ്പം മുതലുള്ള വലിയ ആഗ്രഹമാണ് അജിത്തിന് കലക്ടർ ആകണമെന്നത്. എസ്.എസ്.എൽ.സി കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹയർ സെക്കൻഡറി പഠനം മഞ്ചേരി യത്തീംഖാന സ്കൂളിൽനിന്ന് പൂർത്തിയാക്കി. 2021ൽ ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം പൂർത്തിയാക്കി. തുടർന്നാണ് സിവിൽ സർവിസ് എന്ന ജീവിതസ്വപ്നത്തിലേക്ക് എത്തുന്നതിനുള്ള കഠിനശ്രമം ആരംഭിച്ചത്. തിരുവനന്തപുരത്തെ സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചു. തുടർന്നാണ് നാടിന് മുഴുവൻ അഭിമാനമായി ചെറുപ്രായത്തിൽ തന്നെ റാങ്ക് പട്ടികയിൽ ഇടം നേടിയത്.
714 ാം റാങ്കിലേക്ക് എത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അജിത്ത് ‘മാധ്യമ’ത്തിനോട് പറഞ്ഞു. ലക്ഷ്യം ഐ.എ.എസ് തന്നെയാണ്. ഇപ്പോൾ കിട്ടിയ റാങ്ക് അതിലേക്ക് എത്തുന്നതിന് പരിമിതികളുണ്ട്. എന്നിരുന്നാലും അതിലേക്ക് എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒരു നേട്ടം മകന് ലഭിച്ചതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാതാപിതാക്കളായ ബാലകൃഷ്ണനും ഗീതയും പറഞ്ഞു. അജിത്തിന്റെ നേട്ടം പുറത്തുവന്നതോടെ കാവനൂർ ഗ്രാമം ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.