ആലപ്പുഴ മെഡിക്കൽ കോളജ്: ചികിത്സാ വിവരങ്ങൾ അറിയിക്കാൻ സംവിധാനമൊരുക്കും
text_fieldsആലപ്പുഴ: ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കാൻ എച്ച്. സലാം എം.എൽ.എ, ജില്ലാ കലക്ടർ അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ചേർന്ന യോഗം തീരുമാനിച്ചു. മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
കുറ്റമറ്റ നിലയിൽ ചികിത്സ ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പ്രിൻസിപ്പാൾ, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കണം എന്ന് യോഗം തീരുമാനിച്ചു. മുഴുവൻ വിഭാഗങ്ങളും ഡ്യൂട്ടിയിലുണ്ടെന്നും മെഡിക്കൽ ഓഫിസർമാർ പ്രവൃത്തി സമയം ആശുപത്രിയിൽ ഉണ്ടെന്നും ഉറപ്പുവരുത്തണം. തിരക്ക് ഒഴിവാക്കുന്നതിനായി ആശുപത്രി ഫാർമസിയിലെ പത്ത് കൗണ്ടറുകളും പൂർണ സജ്ജമാക്കി പ്രവർത്തിക്കണം എന്നും തീരുമാനിച്ചു.
മെഡിസിൻ ഐ.സി.യുവിന്റെ സൗകര്യം വർധിപ്പിക്കുന്നതിന് ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കാൻ സൂപ്രണ്ടിനെയും മെഡിസിൻ എച്ച്.ഒ.ഡിയെയും ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളിൽ ആശുപത്രി വികസന സമിതി ചേരണമെന്നും തീരുമാനിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ഡോ. മെറിയം വർക്കി, സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുരേഷ് രാഘവൻ തുടങ്ങിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.