അങ്ങാടിപ്പാലത്തിൽ കാറിന് മുകളിൽ മരം വീണു
text_fieldsതാനൂർ: വാഴക്കത്തെരു കൂനൻ പാലത്തിൽ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് പാലത്തിന് വടക്ക് കനോലി കനാൽ തീരത്തെ പഴക്കമേറിയ വാകമരം പൊടുന്നനെ കടപുഴകിയത്. പാലം ഇറങ്ങുകയായിരുന്ന കാറിന്റെ പിൻഭാഗത്തായി മരം വീണതാണ് രക്ഷയായത്.
കോഴിച്ചെനയിൽ നിന്ന് പെരുന്നാൾ ആഘോഷത്തിന് തൂവൽ തീരത്തേക്ക് വരികയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നത്. വാഹനം ഭാഗികമായി തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആർക്കും പരിക്കില്ല. മരത്തിന്റെ വലിയ കൊമ്പുകളും ചില്ലകളും വീതികുറഞ്ഞ പാലത്തിന് മുകളിൽ നിറഞ്ഞു. വൻ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളായ യുവാക്കൾ കൊമ്പും ചില്ലകളും വെട്ടിമാറ്റി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. പൊലീസ്, അഗ്നിരക്ഷ സേന, ട്രോമാ കെയർ വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വൈകുന്നേരം ആറു വരെ അങ്ങാടിയിലേക്കുള്ള വാഹന ഗതാഗതവും മുടങ്ങി. പൊലിസ് സ്റ്റേഷന് മുന്നിൽ നിന്ന് ബ്ലോക്ക് ഓഫിസ് വഴി തീരത്തേക്ക് വാഹനങ്ങൾ കടത്തി വിട്ടു. രാത്രിയോടെ അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.