ആൽപ്പറ്റക്കുളമ്പ് ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക്
text_fieldsമലപ്പുറം: കോഡൂർ പഞ്ചായത്തിലെ ആൽപ്പറ്റക്കുളമ്പ് ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി പ്രദേശത്തെ സഹോദരങ്ങൾ സൗജന്യമായി ഭൂമി വിട്ടുനൽകി മാതൃകയായി.
റോഡിനോട് ചേർന്ന് കെട്ടിടം നിൽക്കുന്ന സ്ഥലവും അതിനോട് ചേർന്ന് സെന്ററിന് ആവശ്യമായ ബാക്കിയുള്ള സ്ഥലവും കൂടി ചേർത്ത് നെച്ചിത്തടത്തിൽ സഹോദരൻമാർ മുഹമ്മദ് ഹാജിയും മൊയ്തീൻ ഹാജിയും ചേർന്നാണ് സൗജന്യമായി പഞ്ചായത്തിന് നൽകിയത്. 40 വർഷത്തോളമായി പ്രവർത്തിക്കുന്ന നിലവിലെ സെന്റർ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു. കുത്തനെയുള്ള വീതി കുറഞ്ഞ ചവിട്ടുപടികളിൽ കൂടി മൂന്നു മീറ്ററോളം കയറി വേണ്ടിയിരുന്നു കേന്ദ്രത്തിൽ എത്താൻ. ഇതുമൂലം കൈക്കുഞ്ഞുങ്ങളുമായി പ്രതിരോധ കുത്തിവെപ്പെടുക്കാൻ സെന്ററിൽ എത്തുന്നവർക്കും രോഗികൾക്കും വയോജനങ്ങൾക്കും കോണി പടി കയറി സെന്ററിലെത്താൻ പ്രയാസം നേരിട്ടിരുന്നു. നിലവിലെ കെട്ടിടം പൊളിച്ച് മൂന്ന് മീറ്ററോളം മണ്ണെടുത്ത് താഴ്ത്തി റോഡിനൊപ്പമാക്കി ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം പണിയാൻ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സനും വാർഡ് അംഗവുമായ ഫാത്തിമ വട്ടോളിയുടെ ശ്രമഫലമായി 55.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഈയാഴ്ചയോടെ പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. നിലവിൽ പ്രദേശത്തുള്ളവർ രക്ത പരിശോധന അടക്കമുളള ചെറിയ ആവശ്യങ്ങൾക്ക് പോലും കിലോമീറ്ററുകൾക്കപ്പുറമുള്ള താണിക്കലെയും മലപ്പുറത്തെയും ചാപ്പനങ്ങാടിയിലെയും ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.