റെക്കോഡ് ഭൂരിപക്ഷത്തിൽ വിസ്മയിച്ച് ലീഗ്
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചതിന്റെ വിസ്മയത്തിൽ മുസ്ലിംലീഗ്. പാർട്ടി പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി ഭൂരിപക്ഷമാണ് മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും നേടിയത്. രണ്ട് മണ്ഡലങ്ങളിലുമായി 12,06,522 വോട്ടാണ് നേടിയത്. മൊത്തം പോൾ ചെയ്ത 21,12,378 വോട്ടിന്റെ പകുതിയിലധികം വരുമിത്.
മലപ്പുറത്ത് വി. വസീഫിനെക്കാൾ 3,00,118 വോട്ട് ഭൂരിപക്ഷം ലഭിച്ചപ്പോൾ പൊന്നാനി മണ്ഡലത്തിൽ 2,35,760 വോട്ട് എതിർ സ്ഥാനാർഥി കെ.എസ്. ഹംസയേക്കാൾ ലഭിച്ചു. 2019ൽ ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനിയിൽ നേടിയത് 1.94 ലക്ഷം വോട്ടിന്റെ ലീഡായിരുന്നു. പൊന്നാനിയിൽ രണ്ട് ലക്ഷം കടന്നത് ഇടതു സ്വാധീനമേഖലകളിൽ നിന്നടക്കം കൂടുതൽ വോട്ട് നേടിയാണ്. കെ.ടി. ജലീൽ എം.എൽ.എ ജയിച്ച തവനൂർ മണ്ഡലത്തിലടക്കം യു.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിച്ചു.
മലപ്പുറത്ത് 2019ൽ കുഞ്ഞാലിക്കുട്ടി നേടിയ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലീഡ്. ഇവിടെയും ഇത്തവണ ഭൂരിപക്ഷം കുറയുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, മൂന്ന് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ഉയർത്തിയതോടെ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലീഡായത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇ.ടിയുടേത്. ഭൂരിപക്ഷത്തിൽ മുന്നിൽ രാഹുൽ ഗാന്ധിയാണ്.
ബഷീറും സമദാനിയും മണ്ഡലം മാറിയത് ഗുണം ചെയ്തെന്നാണ് പാർട്ടി വിലയിരുത്തൽ. പൊന്നാനിയിൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ലീഗ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ലീഗ് വിമതനായി പാർട്ടി വിട്ട കെ.എസ്. ഹംസയെ വെച്ചുള്ള ഇടത് പരീക്ഷണം പാളി. മലപ്പുറത്ത് അത്യാവേശത്തോടെയാണ് ഇടത് സ്ഥാനാർഥി വി. വസീഫ് തുടക്കംമുതൽ പ്രവർത്തിച്ചത്.
അതിന് ഫലമുണ്ടാവുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടലെങ്കിലും എല്ലാ പ്രതീക്ഷകളെയും ഇ.ടി. മുഹമ്മദ് ബഷീർ അട്ടിമറിച്ചു. ന്യൂനപക്ഷ വോട്ടുകൾ ലാക്കാക്കിയുള്ള എൽ.ഡി.എഫ് പ്രചാരണങ്ങളെ യു.ഡി.എഫ് പ്രതിരോധിച്ചു.
കേന്ദ്ര -സംസ്ഥാന ഭരണവിരുദ്ധ വികാരം, ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകളുടെ ഏകീകരണം, സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരായ അതിജാഗ്രത, പ്രചാരണപ്രവർത്തനങ്ങളിൽ കൂടുതൽ വനിതകളെ പങ്കെടുപ്പിച്ചത് തുടങ്ങിയവ വോട്ട് വർധിക്കാൻ കാരണമായെന്ന് ലീഗ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.