കൊടും വരൾച്ചയിൽ കരിഞ്ഞുണങ്ങി വാഴകൾ
text_fieldsആനമങ്ങാട്: വരൾച്ചയുടെ കെടുതിയിൽ കുടിവെള്ള ക്ഷാമത്തിനു പുറമെ കർഷകർക്കും കണ്ണീര്. മുഴന്നമണ്ണ ചങ്ങരത്ത് ഗോപാലകൃഷ്ണന്റെ അറുന്നൂറോളം വാഴകൾ വരൾച്ചയിൽ ഉണങ്ങി നശിച്ചു. വെള്ളമില്ലാതെ കരിഞ്ഞുണങ്ങി തുടങ്ങിയ വാഴകൾ ഒടിഞ്ഞു തൂങ്ങി. കുലച്ചു പാകമായ വാഴകളാണ് കൂടുതലായും നശിച്ചത്. വാഴകൃഷിക്ക് നനച്ചിരുന്ന ഈ പാടത്തെ രണ്ട് കുളങ്ങളും വറ്റി വരണ്ടു. അതോടെ നനക്കാൻ വെള്ളമില്ലാതായി. കുംഭമാസത്തിൽ എല്ലാ വർഷവും പെയ്തിരുന്ന മഴ ഇത്തവണ ലഭിച്ചതുമില്ല.
വെള്ളം എത്തിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാത്തതും കർഷകനെ വലച്ചു. വലിയ നഷ്ടമാണ് കർഷകനുണ്ടായത്. പാട്ടത്തിനെടുത്ത സ്ഥലത്താണ് കഴിഞ്ഞ ഒക്ടോബറിൽ വാഴ വെച്ചത്. ഡിസംബർ മാസത്തിൽ വച്ച പകുതി വളർച്ചയിൽ എത്തിയ വാഴകളും നാശത്തിന്റെ വക്കിലാണ്. സമീപത്തെ കമുകുകളും വരൾച്ച കാരണം ഉണക്കുഭീഷണി നേരിടുന്നുണ്ട്. ഈ ഭാഗത്തെ കൃഷിയിടങ്ങളിൽ പന്നികളും കുരങ്ങുകളും മയിലുകളും കൃഷിക്ക് ശല്യമാണ്.
കുല വീഴുന്ന ഘട്ടത്തിൽ വേനൽ മഴ പ്രതീക്ഷിച്ചാണ് കൃഷിയിറക്കിയത്. കഴിഞ്ഞ അഞ്ചു വർഷമായി സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തുന്നയാളാണ് ഗോപാലകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.